ഒഡീഷ: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ് മിസൈല്‍ പരീക്ഷണം നടന്നത്. ”ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ അഡ്വാന്‍സ്ഡ് വേരിയന്റ് ഐഎന്‍എസ് വിശാഖപട്ടണത്തില്‍ നിന്ന് പരീക്ഷിച്ചു. മിസൈല്‍ ലക്ഷ്യക്കപ്പലില്‍ കൃത്യമായി പതിച്ചു” ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് മിസൈല്‍. മിസൈലിന്റെ അണ്ടര്‍വാട്ടര്‍ പതിപ്പും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്നതിനൊപ്പം സൗഹൃദ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യും.
നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. നേരത്തെ ജനുവരി 11ന് ഐഎന്‍എസ് വിശാഖപട്ടണം യുദ്ധക്കപ്പലില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ രാജ്യം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളുടെ പ്രധാന ആയുധ സംവിധാനമാണ് ബ്രഹ്‌മോസ്.