മൂന്ന് മാസത്തിന് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു
ടൊറന്റോ: കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനങ്ങൾ ഇന്ത്യ ബുധനാഴ്ച പുനരാരംഭിച്ചതായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് ഈ വർഷം സെപ്തംബറിലാണ് കാനഡയിലെ ഇന്ത്യൻ മിഷൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അറിയിച്ചത്. പിന്നീട് ഒക്ടോബറിൽ നാല് വിഭാഗങ്ങളിലായി കാനഡയിൽ വീസ സേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചു.
ഈ വർഷം സെപ്തംബർ 21 ന് കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ നിർത്തിവച്ചതായി ബിഎൽഎസ് ഇന്‍റർനാഷനൽ തങ്ങളുടെ വെബ്സെറ്റിലൂടെ അറിയിച്ചിരുന്നു. ബിഎൽഎസ് ഇന്‍റർനാഷനൽ വീസ, പാസ്‌പോർട്ട്, കോൺസുലർ അറ്റസ്റ്റേഷൻ, പൗര സേവനങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയുന്ന സ്ഥാപനമാണ്.
എൻട്രി വീസ, ബിസിനസ് വീസ, മെഡിക്കൽ വീസ, കോൺഫറൻസ് വീസ എന്നീ നാല് വിഭാഗങ്ങളിലാണ് ഒക്ടോബർ 26 മുതൽ കാനഡയിൽ വീസ സേവനങ്ങൾ പുനരാരംഭിക്കാൻ ഇന്ത്യ തീരുമാനിച്ചത്. നയതന്ത്ര ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ വീസ സേവനങ്ങൾ ഭാഗികമായി പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ കാനഡ സ്വാഗതം ചെയ്തു. വീസ സേവനങ്ങൾ നിർത്തിവയ്ക്കാൻ പാടില്ലായിരുന്നു. എങ്കിലും പുതിയ തീരുമാനം ശുഭകരമാണെന്ന് കാനഡ അന്ന് പ്രതികരിച്ചിരുന്നു.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. കാനഡയുടെ 21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ളവരുടെ പരിരക്ഷയും സൗകര്യങ്ങളും പിൻവലിക്കുന്നതായി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചതിനെത്തുടർന്ന് 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു.
ഇതോടെ ഇതിനെതിരെ നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ എവിടെയെന്ന് ചോദിച്ച് ഇന്ത്യ രംഗത്ത് വന്നു. ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നവരെ കാനഡ നിയന്ത്രിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി ഇന്ത്യ അറിയിച്ചു. കാനഡയിൽ നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കാനഡയോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതായിട്ടാണ് നയതന്ത്ര വിഗ്ദധർ ചൂണ്ടിക്കാട്ടുന്നത്.