News

മൂന്നാം തരംഗത്തിന് ശമനം? ടി.പി.ആര്‍ കുറഞ്ഞു; ഇന്നലെ 2,55,874 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന് ശമനമാവുന്നുവെന്ന സൂചന നല്‍കി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 2,55,874 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 50,190 പേര്‍ കുറവാണിത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റിയിലും കുറവുണ്ട്. ഇന്നലെ 15.52 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ ദിവസം ഇത് ഇരുപതിനു മുകളിലായിരുന്നു.
ഇന്നലെ 2,67,753 പേര്‍ രോഗമുക്തി നേടി. നിലവില്‍ ആക്ടിവ് കേസുകള്‍ 22,36,842. ഇന്നലത്തെ മരണം-614.

 ദില്ലി, മുംബൈ, ബിഹാർ, ഗുജറാത്ത്, ഭോപാൽ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളിൽ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകിരിച്ച കർണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്‍റെ തുടക്കത്തിൽ  രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിലും കണക്കുകൾ ഗണ്യമായി കുറഞ്ഞു.

മധ്യപ്രദേശില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി. ഇന്‍ഡോറില്‍ കൊവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ആറു കുട്ടികളെയാണ് പുതിയ വകഭേദം ബാധിച്ചത്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ചെയര്‍മാന്‍ വിനോദ് ഭണ്ഡാരി അറിയിച്ചു.

ഇതില്‍ ആറുപേരിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര്‍ ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലിയുൾപ്പടെ പത്ത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവിയ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ യോഗത്തിൽ വിലയിരുത്തും. പ്രായപൂർത്തിയായവരിൽ 73 ശതമാനം പേർ വാക്സിനേഷൻ പൂർത്തിയാക്കി. ഇത് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയ്ക്കാൻ സഹായകരമായി എന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

നേരത്തെ രാജ്യത്ത് കൊവിഡ് വ്യാപനം ഫെബ്രുവരി പകുതിയോടെ കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചന നൽകിയിരുന്നു. ഫെബ്രുവരി 15 ഓടെ രോഗികളുടെ എണ്ണം കുറയുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസി വ്യക്തമാക്കി. ചില മെട്രോ നഗരങ്ങളിൽ കേസുകൾ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നത് ആശ്വാസമാണ്. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തിയിരുന്നു. മുംബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. അതേസമയം വിമാനത്താവളങ്ങളിൽ നടത്തുന്ന പരിശോധനയിൽ വൈരുധ്യം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

യൂറോപ്പിലും കൊവിഡ് വ്യാപനം അവസാനിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന. സംഘടനയുടെ യൂറോപ്പ് ഡയറക്ടർ ഹാൻസ് ക്ലുഗെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒമിക്രോൺ വ്യാപനം അതിരൂക്ഷമായതോടെ കൊവിഡ് സാദാ പനി പോലെ ആവുകയാണെന്നും മാർച്ചോടെ യൂറോപ്പ് ജനസംഖ്യയുടെ 60 ശതമാനം പേർക്കും ഒമിക്രോൺ സ്ഥിരീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷാവസാനത്തോടെ യൂറോപ്പിലെ കൊവിഡ് വ്യാപനം ഏറെക്കുറെ അവസാനിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. കൊവിഡിൻ്റെ മറ്റ് വേരിയൻ്റുകൾ പോലെയല്ല ഒമിക്രോൺ. ഒമിക്രോണിന് കാഠിന്യം കുറവാണ്. ഒരു പകർച്ചവ്യാധി എന്ന നിലയിൽ നിന്ന് പനി പോലെ, നിയന്ത്രണവിധേയമായ അസുഖമായി കൊവിഡ് മാറുകയാണ്.

അതേസമയം, ചൈനീസ് തലസ്ഥാനമായ ബീജിംഗിലെ താമസക്കാർക്കെല്ലാം അധികൃതർ കൊവിഡ് ടെസ്റ്റ് നടത്താനൊരുങ്ങുകയാണ്. 20 ലക്ഷം പേരാണ് ഇവിടെയുള്ളത്. ഇവർക്കെല്ലാവർക്കും ടെസ്റ്റ് നടത്തും. ശീതകാല ഒളിമ്പിക്സ് ആരംഭിക്കാൻ വെറും രണ്ട് ആഴ്ച കൂടി അവശേഷിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ 43 പേർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നതിനൊപ്പം ഹൈ റിസ്ക് പ്രദേശങ്ങളിൽ ഉള്ളവർ നഗരം വിടുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി നാലിനാണ് ശീതകാല ഒളിമ്പിക്സ് ആരംഭിക്കുക. അത്‌ലീറ്റുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ഇതിനകം സ്ഥലത്ത് എത്താൻ ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെ എത്തിയവരിൽ 72 പേർക്ക് കൊവിഡ് പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button