24.6 C
Kottayam
Monday, May 20, 2024

സഞ്ജുവിനെ പുറത്താക്കി, സീനിയേഴ്‌സ് എത്തി,ബംഗ്ലാദേശിനെതിരെ തകര്‍ന്നടിഞ്ഞ് ഇന്ത്യ

Must read

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മുന്‍നിര പൂര്‍ണമായി നിരാശപ്പെടുത്തിയ മത്സരത്തില്‍ 41.2 ഓവറില്‍ ഇന്ത്യ 186 റണ്‍സിന് പുറത്തായി. 73 റണ്‍സെടുത്ത കെ എല്‍ രാഹുലിന് മാത്രമാണ് ബംഗ്ലാദേശി ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനായുള്ളൂ.

ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍ തിരികയെത്തിയ മത്സരത്തില്‍ നിരാശയുണര്‍ത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കാഴ്ടവെച്ചത്. സ്കോര്‍ ബോര്‍ഡ് 23ല്‍ നില്‍ക്കുമ്പോള്‍ തന്നെ ഓപ്പണറായ ശിഖര്‍ ധവാന്‍ തിരികെ ഡഗ് ഔട്ടിലെത്തി.

17 പന്തില്‍ വെറും ഏഴ് റണ്‍സായിരുന്നു ശിഖറിന്‍റെ സംഭാവന. പിടിച്ച് നില്‍ക്കുമെന്ന തോന്നല്‍ ഉണ്ടായെങ്കിലും മികച്ച തുടക്കം മുതലാക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കുമായില്ല. 31 പന്തില്‍ 27 റണ്‍സെടുത്ത ഹിറ്റ്മാനെ ഷാക്കിബ് ആണ് പുറത്താക്കിയത്. ട്വന്‍റി 20 ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന്‍റെ ആത്മവിശ്വാസവുമായെത്തിയ മുന്‍ നായകന്‍ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. 15 പന്തില്‍ ഒമ്പത് റണ്‍സെടുത്ത കോലിയെ ഷാക്കിബ് ബംഗ്ല നായകന്‍ ലിറ്റന്‍ ദാസിന്‍റെ കൈകളില്‍ എത്തിച്ചു.

ശ്രേയ്യസ് അയ്യരും കെ എല്‍ രാഹുലും ചേര്‍ന്ന കൂട്ടുക്കെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. എന്നാല്‍, അധികം വൈകാതെ 39 പന്തില്‍ 24 റണ്‍സെടുത്ത ശ്രേയ്യസിനെ എബാഡോട്ട് ഹുസൈന്‍ മടക്കി. ഒരറ്റത്ത് കെ എല്‍ രാഹുല്‍ പിടിച്ച് നിന്നത് മാത്രമാണ് മത്സരത്തില്‍ ഇന്ത്യയെ തുണച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ ന്യൂസിലന്‍ഡിലേത് പോലെ തന്നെ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും ഷാക്കിബിന് മുന്നില്‍ ആ പ്രതിരോധവും കീഴടങ്ങി. വാലറ്റത്തെയും കൂട്ടി രാഹുല്‍ ടീം സ്കോര്‍ 200 കടത്തുമെന്ന് പ്രതീക്ഷ എബാഡോട്ട് ഹുസൈനാണ് തകര്‍ത്തത്.

70 പന്തില്‍ 73 റണ്‍സാണ് രാഹുല്‍ നേടിയത്. പിന്നീട് അധികം പോരാട്ടം കൂടാതെ ഇന്ത്യന്‍ ഇന്നിംഗ്സിന് അന്ത്യമായി. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ 36 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടി. എബാഡോട്ട് ഹുസൈന്‍ നാല് വിക്കറ്റുകളും സ്വന്തമാക്കി. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗ് അയക്കുകയായിരുന്നു. തുടര്‍ച്ചയായ പരമ്പര വിജയങ്ങള്‍ക്ക് പിന്നാലെ ന്യൂസിലന്‍ഡിലെ ഏകദിന സീരീസ് നഷ്ടത്തിന്‍റെ വിഷമം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയതെങ്കിലും കാര്യങ്ങള്‍ പിഴയ്ക്കുകയായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week