NationalNews

ബഹിഷ്കരിക്കുന്ന അവതാരകരുടെ പേര് പുറത്തുവിട്ടു: നിലപാട് കടുപ്പിച്ച് ഇന്ത്യ മുന്നണി

ന്യൂഡൽഹി:

ഒരു കൂട്ടം ടെലിവിഷൻ പരിപാടികളും ടെലിവിഷൻ അവതാരകരെയും ബഹിഷ്കരിക്കാനൊരുങ്ങി ‘ഇന്ത്യ’ മുന്നണി. ഇതു സംബന്ധിച്ച പട്ടിക പ്രതിപക്ഷ നേതാക്കൾ ഉടൻ തന്നെ പുറത്തിറക്കുമെന്ന് അറിയിച്ചു. ഇതിൽ ടെലിവിഷൻ അവതാരകരും അവരുടെ ചർച്ചകളും ഉൾപ്പെടും. ഇന്ത്യ മുന്നണിയുടെ കോർഡിനേഷൻ കമ്മറ്റിയുടെ മാധ്യമ ഗ്രൂപ്പാകും ഇതു സംബന്ധിച്ച് വിവരങ്ങൾ പുറത്തിറക്കുക. 

എൻസിപി നേതാവ് ശരദ് പവാറിന്റെ വസതിയിൽ ചേർന്ന കോർഡിനേഷൻ കമ്മറ്റിയുടെ ആദ്യ യോഗത്തിൽ‌ തന്നെ ചില ടെലിവിഷൻ പരിപാടികളെയും അവതാരകരെയും ബഹിഷ്കരിക്കണം എന്ന തീരുമാനം ഉണ്ടായിരുന്നു. ചില മാധ്യമങ്ങൾ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അപ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തതെന്നും ആരോപിച്ചു. 

ജനങ്ങളും സമൂഹമാധ്യമങ്ങളും യാത്രയ്ക്ക് മികച്ച പിന്തുണ നൽകിയപ്പോൾ ചില മുൻനിര മാധ്യമങ്ങൾ യാത്ര ബഹിഷ്കരിക്കുക പോലുമുണ്ടായെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരോപിച്ചു. ‘‘ചില എഡിറ്റർമാർ യാത്ര ബഹിഷ്കരിച്ചെന്ന് ഞാൻ ആരോപിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളാണു യാത്രയിൽ പങ്കാളികളായത്. അത്തരത്തിൽ ബൃഹത്തായ ഒരു പ്രചാരണം നിങ്ങൾ കാണിക്കില്ലേ?’’– അശോക് ഗെലോട്ട് ചോദിച്ചു. 

2019ലും സമാനമായ രീതിയിൽ കോൺഗ്രസ് ചില ടെലിവിഷൻ പരിപാടികൾ ബഹിഷ്കരിച്ചിരുന്നു. ടെലിവിഷൻ ചർച്ചകളിലേക്കു കോൺഗ്രസ് വക്താക്കളെ അയയ്ക്കില്ലെന്ന് അന്നു മുതിർന്ന കോൺഗ്രസ് നേതാവ് രൺദിപ് സുർജേവാല ട്വിറ്ററി(ഇന്ന് എക്സ്)ലൂടെ അറിയിച്ചിരുന്നു.

ഇന്ത്യ മുന്നണി ബഹിഷ്കരണം ഏർപ്പെടുത്തിയ അവതാരകർ

1. അമൻ ചോപ്ര (ന്യൂസ് 18)  

2. അമീഷ് ദേവ്ഗൺ (ന്യൂസ് 18)

3. അദിതി ത്യാഗി (ഇന്ത്യ എക്സ്പ്രസ്)

4. ചിത്ര ത്രിപാഠി (ആജ് തക്)

5. അർണബ് ഗോസ്വാമി (റിപ്പബ്ലിക് ടി.വി.)

6. ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ)

7. പ്രാചി പരാശർ (ഇന്ത്യ ടി.വി.)

8. ആനന്ദ് നരസിംഹൻ (ന്യൂസ് 18)

9. സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്)

10. ശിവ് അരൂർ (ഇന്ത്യ ടുഡേ)

11. റൂബിക ലിയാഖത്ത് (ഇന്ത്യ 24)

12. സുധീർ ചൗധരി (ആജ് തക്)

13. അശോക് ശ്രീവാസ്തവ് 

14. നാവിക കുമാർ  (ടൈംസ് നൗ)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button