29.1 C
Kottayam
Saturday, May 4, 2024

IND Vs PAK:ലോകം കാത്തിരിയ്ക്കുന്ന പോരാട്ടം ഇന്ന്ട്വ:ന്റി 20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും,ആശങ്കയായി മഴ

Must read

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പിൽ ഇന്ന് അയല്‍ക്കാരുടെ വമ്പൻ പോരാട്ടം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ ഉച്ചക്ക് 1.30ന് പാകിസ്ഥാനെ നേരിടും. മെൽബണിൽ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും മത്സരം ആവേശം ചോരാതെ നടക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മെല്‍ബണില്‍ ഉച്ചക്ക് ശേഷം കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ ഉറപ്പാകൂ. 

പാകിസ്ഥാനെതിരെ സമ്മര്‍ദങ്ങളില്ലാതെയാണ് ഇറങ്ങുന്നതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശര്‍മ്മ വ്യക്തമാക്കി. കഴിഞ്ഞ ലോകകപ്പിലും അടുത്തിടെ നടന്ന ഏഷ്യ കപ്പിലും ഇന്ത്യൻ കിരീട സ്വപ്നങ്ങൾക്ക് മേൽ ഇടിത്തീയായത് പാകിസ്ഥാന്‍ ടീമായിരുന്നു.

ഓസ്ട്രേലിയയിലും ആദ്യ കടമ്പ പാകിസ്ഥാൻ തന്നെ. എന്നാൽ സമ്മര്‍ദമില്ലെന്നാണ് നായകൻ രോഹിത് ശര്‍മ്മ പറയുന്നത്. ലോകകപ്പിന് മുമ്പ് രണ്ട് തവണ പാകിസ്ഥാനോട് കളിക്കാനായത് ഗുണം ചെയ്യുമെന്നാണ് ഹിറ്റ്‌മാന്‍റെ പ്രതീക്ഷ. കഴിഞ്ഞ ലോകകപ്പിലെ 10 വിക്കറ്റ് തോല്‍വിക്ക് ഇക്കുറി മറുപടി നല്‍കേണ്ടതുണ്ട് ടീം ഇന്ത്യക്ക്. 

ഇന്ത്യൻ നിരയിൽ ആര്‍ക്കും പരിക്ക് ഭീഷണിയില്ല. എല്ലാവരും പാകിസ്ഥാനെതിരെ ഇറങ്ങാന്‍ സജ്ജര്‍. ടീം കോംപിനേഷൻ എങ്ങനെയെന്ന് മത്സരത്തിന് മുമ്പായിരിക്കും പ്രഖ്യാപിക്കുക. പേസര്‍ മുഹമ്മദ് ഷമിയുടെ വരവ് ടീമിന് ഒത്തിരി ഗുണം ചെയ്യും. തന്‍റെ കഴിവ് എന്തെന്ന് ഒറ്റ ഓവറിൽ തന്നെ ഷമി തെളിയിച്ചെന്നും രോഹിത് ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറ‌ഞ്ഞു.

നായകനായുള്ള ആദ്യ ലോകകപ്പിനെ വലിയ പ്രതീക്ഷയോടെയാണ് രോഹിത് ശര്‍മ്മ കാണുന്നത്. ടീമും രാജ്യവും ആഗ്രഹിക്കുന്നത് പോലെ കിരീടം നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week