ന്യൂഡൽഹി: രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയിൽ 87,000 ത്തോളം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതിൽ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആദ്യ ഡോസ് വാക്സിൻ എടുത്ത ശേഷം കേരളത്തിൽ എണപതിനായിരത്തിനടുത്ത് ആളുകൾ കോവിഡ് പോസിറ്റീവായി. രണ്ടു ഡോസും എടുത്ത ശേഷം നാല്പതിനായിത്തോളം പേർക്കും രോഗം ബാധിച്ചു.മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടും കേരളത്തിൽ കേസുകൾ ഉയർന്ന നിലയിൽ തന്നെ നിൽക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.വാക്സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതിൽ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.
100 ശതമാനം വാക്സിനേഷൻ നടന്ന വയനാട്ടിലടക്കം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 21,247 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി. അയൽ സംസ്ഥാനങ്ങളായ കർണാടകയിലേയും തമിഴ്നാട്ടിലേയും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.530 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 433049 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്.39,157 പേർ കൂടി രോഗമുക്തി നേടി,നിലവിൽ 3,64,129 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ചികിത്സയിൽ ഉള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോൾ.കഴിഞ്ഞ 24 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മൂന്ന് ശതമാനത്തിൽ താഴെയാണ്.രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 59 ശതമാനവും കേരളത്തിൽ നിന്നാണ്,സംസ്ഥാനത്ത് തന്നെയാണ് എറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും.