ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ നാലു പേരെ ഇന്ത്യ കൊടുംഭീകരായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള നാലു പേരെ ഇന്ത്യ കൊടുംഭീകരരായി പ്രഖ്യാപിച്ചു. ദാവൂദിനെ കൂടാതെ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അഷര്‍, ലഷ്‌കറെ തയ്ബ സ്ഥാപകന്‍ ഹാഫീസ് മുഹമ്മദ് സയീദ് എന്നിവരെയാണ് ഇന്ത്യാ ഗവണ്‍മെന്റ് കൊടുംഭീകരന്മാരായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരബന്ധമുള്ള ഏത് വ്യക്തിയെയും ഭീകരനായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പാര്‍ലമെന്റ് ജൂലായില്‍ പാസാക്കിയ നിയമഭേദഗതി പ്രകാരമാണ് നടപടി. 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമമാണ് ഭേദഗതി ചെയ്തത്.
മൗലാന മസൂദ് അഷറും ഹാഫീസ് മുഹമ്മദ് സയീദും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ ഇരുവരെയും ഭീകരന്മാരായി പ്രഖ്യാപിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയെയും ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടാണ് ദാവൂദിനെതിരെയും നടപടി എടുത്തിരിക്കുന്നത്. ഇവര്‍ക്കെല്ലാം യാത്രാവിലക്ക് പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ട്. ഈ നാല് ഭീകരരും ഇപ്പോള്‍ പാകിസ്ഥാനിലാണ്. ഭീകരരായി പ്രഖ്യാപിക്കുന്നവരുടെ സ്വത്തുക്കള്‍ പോലീസിന്റെ അനുമതി ഇല്ലാതെ കണ്ടുകെട്ടാനും നിയമപ്രകാരം എന്‍.ഐ.എക്ക് അധികാരമുണ്ടാവും.