ലണ്ടന്‍: ലോര്‍ഡ്സില്‍ ലോകകിരീടം ഉയര്‍ത്തുമെന്ന കാര്യത്തില്‍ ആരാധകരേക്കാള്‍ വാനോളം പ്രതീക്ഷയിലായിരിന്നു ടീം ഇന്ത്യ. ലോകകപ്പ് ഫൈനല്‍ വരെ എത്തുമെന്ന് ഇന്ത്യന്‍ ടീമിന് ഉറച്ച വിശ്വാസം ഉണ്ടായിരിന്നു. എന്നാല്‍ അപ്രതീക്ഷിതമായി സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് ഇന്ത്യക്കേറ്റ കനത്ത തിരിച്ചടിയായിരിന്നു.
ലോകകപ്പില്‍ നിന്നുള്ള അപ്രതീക്ഷിത പുറത്താകല്‍ ഇന്ത്യന്‍ ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും കുടുംബാംഗങ്ങള്‍ക്ക് എട്ടിന്റെ പണിയാണ് കൊടുത്തിരിക്കുന്നത്. ഫൈനല്‍ മത്സരം വരെ ഇംഗ്ലണ്ടില്‍ തങ്ങേണ്ട സ്ഥിതിയാണ് എല്ലാവര്‍ക്കും. ഇന്ത്യ സെമിയില്‍ പുറത്തായതോടെ ടീം അംഗങ്ങള്‍ക്ക് തിരികെ നാട്ടിലെത്താനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്ക് സാധിച്ചില്ല.
ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ ബിസിസിഐ തിരികെ പോരാനുള്ള വിമാനടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നില്ല. ഇതോടെയാണ് ലോകകപ്പ് ഫൈനല്‍ മത്സരം നടക്കുന്ന ജൂലായ് 14 വരെ ഇന്ത്യന്‍ ടീം ഇംണ്ടില്‍ കുടുങ്ങുമെന്ന് അവസ്ഥയായത്. സെമി ഫൈനലിനു ശേഷമാണ് മടക്ക ടിക്കറ്റിനായി ബിസിസിഐ ശ്രമിച്ചത്. ടീം പുറത്തായതോടെ ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച തന്നെ മാഞ്ചസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു.