ന്യൂഡല്‍ഹി: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വെള്ളിയാഴ്ച രാത്രി നോട്ടീസ് ലഭിച്ചുവെന്ന് ശിവകുമാര്‍ വ്യക്തമാക്കി. നേരത്തേ തന്നെ തീര്‍പ്പായ വിഷയങ്ങളിലാണ് നോട്ടീസ് ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.
ബി.ജെ.പി പ്രതിപക്ഷത്തെ ലക്ഷ്യമിടുകയാണെന്നും അവര്‍ക്ക് കോണ്‍ഗ്രസിനേയും ഇന്ത്യ മുന്നണിയേയും ഭയമാണെന്നും ശിവകുമാര്‍ പ്രതികരിച്ചു. ഇന്ത്യ മുന്നണി എന്‍.ഡി.എ യെ പരാജയപ്പെടുത്താന്‍ പോകുകയാണ്. ബി.ജെ.പിക്ക് ഇത് മനസിലായിട്ടുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമന്ന് അവര്‍ക്കറിയാം. അതിനാല്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.
ഈ രാജ്യത്ത് ജനാധിപത്യമുണ്ട്. നിയമമുണ്ട്. ബി.ജെ.പി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അങ്ങനെയാണ് ഇത്തരത്തിലുള്ള നടപടികളെടുക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു.ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസുകള്‍ നില്‍ക്കുമ്പോഴാണ് തനിക്കെതിരായ രാഷ്ട്രീയപ്രേരിത നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.