കൊച്ചി:അഭിമുഖങ്ങളിൽ മറയില്ലാതെ സംസാരിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. തനിക്ക് മനസിൽ തോന്നുന്ന കാര്യങ്ങൾ പറയുന്നതിനും ചോദിക്കുന്നതിനും ഷൈൻ മടികാണിക്കാറില്ല.
അതുകൊണ്ട് തന്നെ യുട്യൂബിൽ ഏപ്പോഴും ട്രെന്റിങാകുന്ന അഭിമുഖങ്ങളിൽ ഏറെയും ഷൈൻ ടോം ചാക്കോയുടേതാണ്. മാത്രമല്ല ചെറുതോ വലുതോയെന്ന് നോക്കാതെ എല്ലാ സിനിമകളുടെ പ്രമോഷനും അഭിമുഖങ്ങൾ നൽകുന്ന ഒരേയൊരു നടനും ഒരു പക്ഷെ ഷൈൻ ടോം ചാക്കോ മാത്രമായിരിക്കും.
ഇപ്പോഴിത നടൻ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അഭിനയത്തെ കുറിച്ചും ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കുറച്ച് കാലം മുമ്പ് വരെയുള്ള സിനിമകളിൽ മോഹൻലാലിലെ കഥാപാത്രത്തെയാണ് കണ്ടിരുന്നതെന്നും എന്നാൽ ഇന്ന് താരത്തെയാണ് കാണുന്നതെന്നും പറയുകയാണ് ഷൈൻ ടോം ചാക്കോ.
താരമായിട്ടല്ല കഥാപാത്രമായിട്ടാണ് താരങ്ങൾ അഭിനയിക്കേണ്ടതെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറഞ്ഞു.
‘ഞാൻ ഏറ്റവും ആദ്യം ആകർഷിക്കപ്പെട്ടത് മോഹൻലാലിലേക്കാണ്. കാരണം ആ സമയങ്ങളിൽ പുള്ളിയിൽ നമ്മൾ നടനെ കണ്ടിട്ടില്ല. ഈ സമയങ്ങളിൽ കഥാപാത്രങ്ങളെ കാണുന്നില്ല.’
‘താരത്തെയാണ് കൂടുതലും കാണുന്നത്. പണ്ട് സേതുമാധവൻ കീരിക്കാടനെ അടിക്കാൻ പോവുമ്പോൾ തിയേറ്ററിലിരുന്ന് അവനെ തോൽപ്പിക്കാൻ പറ്റൂല്ല സേതുമാധവാ…. എന്ന് വിളിച്ചുപറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ഇന്ന് ആദ്യത്തെ ഷോട്ട് കാണുമ്പോൾ തന്നെ നമുക്കറിയാം എത്ര ലക്ഷം ആളുകൾ വന്നാലും ഇടിച്ചിടുമെന്ന്.’
‘ആറാടുന്നത് കഥാപാത്രമായിട്ടാവണം താരമായിട്ടല്ല. അത് നമ്മളെ കാണിച്ചുതന്നത് ആരാണോ അവർ. ആ താരം എന്ന ചിന്ത എന്ന തലയിലേക്കും കേറിയിട്ടുണ്ട്. പല കഥാപാത്രങ്ങളിലും ഒരേ മാനറിസങ്ങൾ വന്ന് തുടങ്ങി. അത് നമ്മൾ ആദ്യം കണ്ടുപിടിക്കണം.’
‘ഒരു ട്രിക്ക് കണ്ടുപിടിച്ച് കഴിഞ്ഞാൽ ആ ട്രിക്ക് ആദ്യം മറക്കേണ്ടത് നമ്മൾ തന്നെയാണ്. ആക്ടിങ്ങിന്റെ ട്രിക്ക് ചിന്തയാണ്. എല്ലാം ആദ്യം ഉണ്ടാകേണ്ടത് ചിന്തയിലാണ്. എന്നിട്ടാണ് അത് വചനമായും വാക്കുകളായും പ്രവർത്തിയായും പുറത്തേക്ക് വരേണ്ടത്.’
‘സിനിമയിലെത്തിയത് ഒരു കഷ്ടപ്പാടായി കാണുന്നില്ല. ഇതല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ല. ഇതെന്റെ ഏറ്റവും എളുപ്പമുള്ള വഴിയാണ്. ഇഷ്ടപ്പെടുന്നവർക്ക് അത്രയും എളുപ്പമുള്ള വഴിയാണ് സിനിമ’ ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.
അടുത്തിടെയായി നിരന്തരം മോഹൻലാൽ സിനിമകൾ പരാജയപ്പെടുന്നതിനാൽ അദ്ദേഹത്തിന്റെ ആരാധകർക്ക് പോലും താരത്തിന്റെ സിനിമാ തെരഞ്ഞെടുപ്പിൽ എതിർ അഭിപ്രായമുണ്ട്. മമ്മൂട്ടി മികച്ച സിനിമകൾ തെരഞ്ഞെടുത്ത് അഭിനയിച്ച് വിജയിപ്പിക്കുമ്പോൾ മോഹൻലാൽ മാത്രമെന്താണ് നിലവാരമില്ലാത്ത തിരക്കഥകൾക്ക് തലവെച്ച് കൊടുക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം മോഹൻലാൽ ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. അതേസമയം ഭാരത സർക്കസാണ് ഷൈൻ ടോം ചാക്കോയുടേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.
ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സംവിധായകൻ എം.എ നിഷാദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്ത സിനിമയായിരുന്നു ഭാരത സർക്കസ്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൊലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായമാണ്.
സിനിമയുടെ പ്രമോഷന് വേണ്ടി ദുബായിൽ എത്തിയ ഷൈൻ നാട്ടിലേക്ക് മടങ്ങവെ വിമാനത്തിൽ കയറിയ ശേഷം അനുവാദം ഇല്ലാതെ പൈലറ്റ് ഇരിക്കുന്ന കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചത് വലിയ വാർത്തയായിരുന്നു.
അധികൃതർ തടഞ്ഞതോടെ വിമാനത്തിനകത്ത് ഓടി നടക്കുകയും ജീവനക്കാർക്കുള്ള സീറ്റിൽ കിടക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഷൈൻ മനപൂർവം കോക്പിറ്റിൽ കയറിയതല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ പറഞ്ഞത്.