തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗതസംവിധാനം ശക്തിപ്പെടുത്താന്‍ സ്വകാര്യബസുകളെക്കൂടി പങ്കാളികളാക്കി സഹകരണമേഖലയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി തുടങ്ങാന്‍ ശുപാര്‍ശ. കെ.എസ്.ആര്‍.ടി.സി.യുടെ മാതൃകയില്‍ സഹകരണമേഖലയില്‍ കമ്പനിയുണ്ടാക്കുകയും നിലവില്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യണം.
കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിനെ നോഡല്‍ ഏജന്‍സിയായി നിയോഗിക്കാം. റോഡ്, റെയില്‍, ജലഗതാഗത സംവിധാനത്തെ പരസ്പരം ബന്ധിപ്പിച്ച് പുനഃക്രമീകരിക്കണം. ഉള്‍പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ചെറുവാഹനങ്ങള്‍ക്ക് റൂട്ട് പെര്‍മിറ്റ് അനുവദിക്കണമെന്നും സമഗ്ര ഗതാഗതനയത്തിനായി ഗതാഗതവകുപ്പ് സമര്‍പ്പിച്ച കരടില്‍ നിര്‍ദേശമുണ്ട്. പൊതുഗതാഗതമേഖല ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാകാനിടയുള്ള വിപത്തിനെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു.
2019-ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരം സംസ്ഥാനങ്ങള്‍ സമഗ്ര ഗതാഗതനയം രൂപവത്കരിക്കേണ്ടതുണ്ട്. ഇതിന്റെ പ്രാഥമികഘട്ടമായിട്ടാണ് മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ശുപാര്‍ശകളില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.
പൊതു- സ്വകാര്യ മേഖലയെ ഏകോപിക്കാനും നിയന്ത്രിക്കാനും ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി രൂപവത്കരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ച് ദീര്‍ഘദൂര ബസുകളും ഓരോ സ്ഥലത്തും ഇവയുടെ വരവുപോക്കനുസരിച്ച് ഹ്രസ്വദൂരബസുകളും ക്രമീകരിക്കണം. ഇവയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഉള്‍പ്രദേശങ്ങളിലേക്കെത്താന്‍ പൊതു ചെറുവാഹനങ്ങളും ഉണ്ടാകണം.
കെ.എസ്.ആര്‍.ടി.സി.ക്ക് കുത്തക പാതകള്‍ നല്‍കിയെങ്കിലും യാത്രാക്ലേശം പരിഹരിക്കാന്‍ കഴിഞ്ഞില്ല. പരസ്പരബന്ധമില്ലാതെ പ്രവര്‍ത്തിക്കുന്ന പൊതുഗതാഗതസംവിധാനങ്ങളുടെ ഏകോപനത്തിന് ജി.പി.എസ്. അധിഷ്ഠിത ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം വേണം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്, സീസണ്‍ ടിക്കറ്റ്, സ്മാര്‍ട്ട് കാര്‍ഡുകള്‍ എന്നിവയ്ക്കുപുറമെ സ്ഥിരയാത്രികര്‍ക്ക് ഇളവുകളും നല്‍കണം.
ഗതാഗതത്തിരക്കില്‍ വര്‍ഷംതോറും 11 ശതമാനം വര്‍ധനയുണ്ട്. രാജ്യത്ത് ഏറ്റവും കുറവ് റൂട്ട് ബസുകളുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 38,000 സ്വകാര്യബസുകളും 5500 കെ.എസ്.ആര്‍.ടി.സി. ബസുകളും ഉണ്ടായിരുന്നത് യഥാക്രമം 7000, 4000 എന്നിങ്ങനെയായി കുറഞ്ഞു.
1000 പേര്‍ക്ക് 1.33 ബസുകള്‍ എന്നതാണ് ദേശീയ ശരാശരി. എന്നാല്‍ സംസ്ഥാനത്ത് അത് 0.4 ആണ്. സംസ്ഥാനത്ത് 35,000 റൂട്ട് ബസുകളെങ്കിലും വേണ്ടതുണ്ട്.