ഠിയോഗ്: ഹിമാചല്‍ പ്രദേശിലെ ആ ‘കനല്‍ത്തരി’യും അണഞ്ഞു. ഹിമാചല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചപ്പോള്‍ സിപിഎമ്മിന്റെ ഏക സീറ്റും അവര്‍ പിടിച്ചെടുത്തു. സിറ്റിങ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി നാലാമതായി. സി.പി.എം. എം.എല്‍.എ. രാകേഷ് സിംഘ, കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോഡിനോടു പരാജയപ്പെട്ടു. ഠിയോഗ് മണ്ഡലത്തെയാണ് രാകേഷ് ഹിമാചല്‍ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. കുല്‍ദീപിനും ബി.ജെ.പി. സ്ഥാനാര്‍ഥി അജയ് ശ്യാമിനും സ്വതന്ത്രസ്ഥാനാര്‍ഥി ഇന്ദു വര്‍മയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തായി രാകേഷ് പിന്തള്ളപ്പെട്ടു.. പന്ത്രണ്ടായിരത്തോളം വോട്ടാണ് രാകേഷ് നേടിയത്.
2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. വിജയിച്ച ഏകമണ്ഡലമായിരുന്നു ഠിയോഗ്. ബി.ജെ.പിയുടെ രാകേഷ് വര്‍മയെയാണ് അന്ന് രാകേഷ് സിംഘ പരാജയപ്പെടുത്തിയത്. അന്ന് 25,000-ത്തോളം വോട്ടുകളാണ് അദ്ദേഹം നേടിയത്. 42.18 വോട്ട് വിഹിതം നേടിയ അദ്ദേഹം 1983 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സഭയിലെത്തിയത്. ഇത്തവണ അജയ് ശ്യാമിനെയായിരുന്നു ഠിയോഗില്‍ ബി.ജെ.പി. കളത്തിലിറക്കിയത്. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി അത്തര്‍ സിങ് ചന്ദേലും മത്സരിച്ചു. എന്നാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ കുല്‍ദീപ് വിജയത്തിലേക്ക് നീങ്ങുന്നതാണ് കാണാനായത്.
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വീരഭദ്ര സിങ്ങിന്റെ ‘കയ്യയച്ചുള്ള’ സഹായം 2017-ലെ തിരഞ്ഞെടുപ്പില്‍ രാകേഷിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു.
മുന്‍പ് പിസിസി പ്രസിഡന്റ് കൂടിയാണ് വിജയിച്ച കുല്‍ദീപ്. 61 വയസ്സുകാരനായ അദ്ദേഹത്തിന്റെ കന്നിയങ്കമായിരുന്നു ഇത്തവണത്തേത് എന്ന പ്രത്യേകതയുമുണ്ട്. കോണ്‍ഗ്രസിന്റെ പ്രമുഖവനിതാ നേതാവായിരുന്ന വിദ്യാ സ്‌റ്റോക്ക്‌സ് കാലങ്ങളായി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു ഠിയോഗ്. 2017-ലെ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് വീരഭദ്ര സിങ്ങിനു വേണ്ടി വിദ്യ കളമൊഴിഞ്ഞുകൊടുത്തു. എന്നാല്‍ അവസാനനിമിഷം വീരഭദ്ര സിങ് അര്‍കി മണ്ഡലത്തിലേക്ക് മാറി. അതോടെ യുവനേതാവ് ദീപക് റാത്തോഡിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയെങ്കിലും അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
ഇത്തവണ ഠിയോഗില്‍നിന്ന് ജനവിധി തേടിയവരില്‍ രണ്ടു വിമത കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാന്നിധ്യം കൂടിയുണ്ട്. കോണ്‍ഗ്രസ് മുന്‍മന്ത്രി ജയ് ബിഹാരി ലാല്‍ ഖാച്ചിയുടെ മകന്‍ വിജയ് പാല്‍ ഖാച്ചിയാണ് ഇതില്‍ ഒരാള്‍. ഇന്ദു വര്‍മയാണ് രണ്ടാമത്തെയാള്‍. അന്തരിച്ച ബി.ജെ.പി. എം.എല്‍.എ. രാകേഷ് വര്‍മയുടെ ഭാര്യയായ ഇന്ദു, ഇക്കൊല്ലം ജൂണില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്ദു സ്വതന്ത്രയായി മത്സരിച്ചു. 21 ശതമാനത്തിലധികം വോട്ടാണ് ഇന്ദു പിടിച്ചത്.
ഹിമാചല്‍ പ്രദേശില്‍ സി.പി.എം. ഇക്കൊല്ലം നേരിടുന്ന രണ്ടാമത്തെ തിരിച്ചടിയാണ് രാകേഷിന്റെ പരാജയം. ഇക്കൊല്ലം ജൂണില്‍, ഷിംല കോര്‍പറേഷനിലെ ഏക സി.പി.എം. അംഗം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. സമ്മര്‍ഹില്‍ വാര്‍ഡില്‍നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മയാണ് ബി.ജെ.പി. അംഗത്വം എടുത്തത്. 2012-ല്‍ ഷിംല കോര്‍പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സി.പി.എം. പ്രതിനിധികളായിരുന്നു. അന്ന് മൂന്നു സീറ്റിലായിരുന്നു സി.പി.എം. വിജയിച്ചത്. എന്നാല്‍ 2017-ല്‍ ഷെല്ലി മാത്രമാണ് വിജയിച്ചത്.