ആലപ്പുഴ: തീരദേശ പരിപാലന ചട്ടം ല൦ഘിച്ച് പണിത ആലപ്പുഴ നെടിയൻത്തുരുത്തിലെ കാപ്പിക്കോ റിസോർട്ട് പൊളിച്ച് മാറ്റാനുള്ള പ്രാഥമിക നടപടികൾ ജില്ല ഭരണകൂട൦ തുടങ്ങി. ജില്ല കളക്ടർ വി ആർ കൃഷ്ണതേജ നേരിട്ടെത്തി റിസോർട്ട് അധികൃതർ കൈയ്യേറിയ ഭൂമി തിരിച്ച് പിടിച്ചു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം റിസോ൪ട്ട് പൊളിച്ച് നീക്കാനുള്ള രൂപരേഖ പാണാവള്ളി പഞ്ചായത്ത് തയ്യാറാക്കു൦. ഇതിന് ജില്ല ഭരണകൂട൦ പിന്തുണ നൽകു൦. കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ സ്വമേധയാ പൊളിച്ച് നീ ക്കാമെന്ന് റിസോർട്ട് ഉടമകൾ അറിയിച്ചിരുന്നു. മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റിസോ൪ട്ട് പൊളിച്ച് മാറ്റാൻ 2020 ജനുവരിയിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
കെട്ടിടം പൊളിച്ചുനീക്കുമ്പോള്‍ ചുറ്റുമുള്ള കായലിലേക്ക് അവശിഷ്ടങ്ങള്‍ ഒട്ടും വ്യാപിക്കാതെ സൂക്ഷിക്കണമെന്ന് പ്രത്യേക നിർദേശമുള്ളതായി കലക്ടര്‍ പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന് സ്ഫോടനം നടത്തുന്നത് ഒഴിവാക്കേണ്ടി വരുമെന്ന് കലക്ടര്‍ പറഞ്ഞു. പാരിസ്ഥിതിക പ്ലാൻ കമ്മിറ്റിയിൽ സബ് കലക്ടര്‍, പാരിസ്ഥിതിക എഞ്ചിനീയർ, ജിയോളജി വകുപ്പ് പ്രതിനിധി, ടൗൺ പ്ലാനർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, പിഡബ്ല്യുഡി ബിൽഡിങ്സ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവര്‍ അംഗങ്ങളാണ്.