കൊച്ചി: പെരുമ്പാവൂരില്‍ നവകേരള സദസ്സില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിനുനേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോര, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്ന് രൂക്ഷമായി വിമര്‍ശിച്ച് കോടതി പറഞ്ഞു. നാല് കെഎസ്യു പ്രവര്‍ത്തകരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇത്തരം പരാമര്‍ശം ഉണ്ടായത്.
പ്രതികള്‍ക്കെതിരെ വധശ്രമക്കേസ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ബസിനു നേരെ ഷൂ എറിഞ്ഞാല്‍ എങ്ങനെ 308ാം വകുപ്പ് ചുമത്താന്‍ കഴിയുമെന്നും കോടതി ചോദിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിനുനേരെ ഷൂ എറിഞ്ഞാല്‍ അതിനകത്തേക്കു പോകില്ലല്ലോ, പിന്നെങ്ങനെയാണ് 308ാം വകുപ്പു ചുമത്താന്‍ കഴിയുക.
മാത്രമല്ല, അവിടെക്കൂടിയ നവകേരള സദസ്സിന്റെ സംഘാടകര്‍, ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെടെ മര്‍ദ്ദിച്ചുവെന്നും പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു. എങ്ങനെ രണ്ടുനീതി നടപ്പാക്കാന്‍ കഴിയുന്നുവെന്ന് പൊലീസിനോട് കോടതി ചോദിച്ചു.
പൊതുസ്ഥലത്തുവച്ച് പ്രതികളെ മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെ കോടതി കുറ്റപ്പെടുത്തി. ഇവരെ ആക്രമിച്ചവര്‍ എവിടെയെന്ന് ചോദിച്ച കോടതി മന്ത്രിമാരെ മാത്രമല്ല, ജനങ്ങളെക്കൂടി പൊലീസ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസ് ഉപദ്രവിച്ചുവെന്ന പ്രതികളുടെ പരാതി എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഈ പൊലീസുകാര്‍ ആരൊക്കെയെന്ന് പേര് ഉള്‍പ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടു.
പൊതുസ്ഥലത്തുവച്ച് ഇവരെ അകാരണമായി മര്‍ദ്ദിക്കുമ്പോള്‍ അവര്‍ക്കു സംരക്ഷണം നല്‍കേണ്ട ചുമതല പൊലീസിനില്ലേയെന്നും എന്തുകൊണ്ട് പൊലീസ് രണ്ടുനീതി നടപ്പാക്കുന്നുവെന്നും കോടതി ചോദിച്ചു. പൊലീസ് ഇങ്ങനെ ചെയ്യുന്നത് നീതികേടാണെന്നും നീതി എല്ലാവര്‍ക്കും കിട്ടാനുള്ളതാണെന്നും കോടതി പറഞ്ഞു. പ്രതികളുടെ പരാതി ലഭിച്ചശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും.
കെഎസ്യു സംസ്ഥാ സെക്രട്ടറി ബേസില്‍ വര്‍ഗീസ്, പ്രവര്‍ത്തകരായ ജിബിന്‍ ദേവകുമാര്‍, ജെയ്ഡന്‍ തുടങ്ങിയവരാണ് അറസ്റ്റിലയാവര്‍. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്.
മനഃപൂര്‍വമായ നരഹത്യാശ്രമം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ഐപിസി 308, ഐപിസി 353, ഐപിസി 283 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മരണം വരെ സംഭവിച്ചേക്കാവുന്ന കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു.