കൊച്ചി:മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഗായിക അഭയ ഹിരൺമയി. വ്യത്യസ്‌തമായ ആലാപന ശൈലിയിലൂടെയാണ് അഭയ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത്. കരിയറിൽ വളരെ കുറച്ചു ഗാനങ്ങളെ പാടിയിട്ടുള്ളുവെങ്കിലും അതെല്ലാം തന്നെ ഏറെ ശ്രദ്ധനേടിയവയാണ്. ഗായിക എന്നതിലുപരി അവതാരകയായും മോഡലായുമെല്ലാം തിളങ്ങിയിട്ടുണ്ട് അഭയ.
സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയ ഹിരൺമയിയെ മലയാളികൾക്ക് പരിചയപ്പെടുത്തുന്നത്. പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്. ഇവരുടെ പ്രണയവും ഒരുമിച്ചുള്ള ജീവിതവും വേർപിരിയലുമൊക്കെ ഏറെ ചർച്ചയായതാണ്.
തന്റെ ജീവിതത്തിൽ വഴിത്തിരിവായത് ഗോപി സുന്ദറിനെ പരിചയപ്പെട്ടതാണെന്ന് അഭയ പറഞ്ഞിരുന്നു. സംഗീതത്തിലേക്ക് തന്നെ കൊണ്ടുവന്നത് അദ്ദേഹമാണെന്നും താരം പറഞ്ഞിരുന്നു. ബ്രേക്കപ്പിനെ കുറിച്ചും പ്രണയത്തിലായിരുന്ന സമയത്തെ കുറിച്ചുമെല്ലാം വേർപിരിഞ്ഞ ശേഷവും തുറന്നു പറയാൻ അഭയ മടിച്ചിട്ടില്ല.
ഇപ്പോഴിതാ, ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിനെ താൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് പറയുകയാണ് അഭയ ഹിരൺമയി. നമ്മുടെ കാര്യം നോക്കേണ്ടത് നമ്മളാണെന്നും നമ്മുക്ക് വേണ്ടി നമ്മൾ ജോലി ചെയ്തേ മതിയാകുവെന്നും അഭയ പറയുന്നുണ്ട്. സ്ട്രോക്ക് മാജിക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭയ മനസ് തുറന്നത്. താൻ എങ്ങനെയുള്ള വ്യക്തിയാണെന്നും അഭയ സംസാരിക്കുന്നുണ്ട്.
‘ഒപ്പീനിയേറ്റഡ് ആയ സ്ത്രീയാണ് ഞാന്‍. എന്റെ നാല് ചുവരുകള്‍ക്കുള്ളിലേ ഞാനിപ്പോള്‍ അഭിപ്രായം പറയുന്നുള്ളു. ഇതുപോലെ അഭിമുഖങ്ങളില്‍ വന്ന് സംസാരിച്ചിരിക്കാം. അല്ലാതെ ഒരു സഭയില്‍ പോയി നിന്ന് സംസാരിക്കാന്‍ എനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അത് എത്രമാത്രം എനിക്ക് ചെയ്യാന്‍ പറ്റും എന്നും അറിയില്ല.
അത് ചിലപ്പോള്‍ എന്റെ കുറവായിരിക്കാം. ആളുകൾ എത്രമാത്രം ഞാൻ കാരണം ഇൻഫ്ലുവെൻസഡ് ആകുമെന്ന് അറിയില്ല. ആളുകള്‍ ഇൻസ്പയേർഡായാൽ സന്തോഷം. മനഃപൂർവം ആരെയും ഇമ്പ്രസ് ചെയ്യിക്കാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. എന്റെ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഞാനെടുക്കുന്ന തീരുമാനങ്ങള്‍ അങ്ങനെയാകുന്നതാണ്.
ഞാന്‍ വായിക്കുകയും മനസിലാക്കുകയും കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്ന കാര്യങ്ങളാവാം അത്. എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയുമെല്ലാം ഇൻഫ്ലുവെൻസാണ് എന്റെ അഭിപ്രായമായി വരുന്നത്. അവരുടെ അഭിപ്രായമല്ല എന്റെ തീരുമാനം,’ അഭയ പറഞ്ഞു.
ഗോപി സുന്ദറുമായുള്ള ബ്രെക്കപ്പിനെ താൻ എങ്ങനെയാണു നേരിട്ടതെന്നും അഭയ പറയുന്നുണ്ട്. സ്ട്രോങ്ങായിട്ട് ഇരിക്കുമ്പോൾ തന്നെ വീക്കായൊരു വ്യക്തി കൂടിയാണ് ഞാന്‍. അതൊന്നും ആരേയും കാണിക്കാറില്ലെന്ന് മാത്രം. പരാതി പറയാൻ തുടങ്ങിയാൽ അത് മാത്രമേ നടക്കുള്ളൂ. നമുക്ക് മുന്നോട്ട് പോവണമെങ്കില്‍ ജോലി ചെയ്‌തേ മതിയാവൂ. നമ്മളെ നമ്മള്‍ തന്നെ ശ്രദ്ധിക്കണം.
ചേച്ചി സ്‌ട്രോംങ്ങാണ്, എങ്ങനെയാണ് കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യുന്നതെന്നൊക്കെ എന്നോട് പലരും ചോദിക്കാറുണ്ട്. എല്ലാവര്‍ക്കും ജീവിതത്തിൽ അവരവരുടേതായ ബുദ്ധിമുട്ടുകൾ ഉണ്ട്. അവരവരുടേതായ വഴികളിലൂടെ അതിനെ തരണം ചെയ്യുകയാണ് വേണ്ടത്. എന്റേത് പോലെയായിരിക്കില്ല നിങ്ങളുടേത് ബുദ്ധിമുട്ടുകൾ’ അഭയ പറഞ്ഞു.