KeralaNews

ഓണത്തിന് യാത്രപോകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ചെയ്യാതിരിക്കുക, കേരള പൊലീസിന്റെ മുന്നറിയിപ്പ്

കൊച്ചി: യാത്ര പോകാൻ ഉദ്ദേശിക്കുന്ന വിവരങ്ങൾ, അന്നന്നത്തെ പ്ലാനുകൾ തുടങ്ങിയവ സമൂഹമാദ്ധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നതും മൊബൈൽ സ്റ്റാറ്റസിൽ പരസ്യപ്പെടുത്തുന്നതും തട്ടിപ്പ് നടത്താനുള്ള താക്കോലാകും. ഫേസ്ബുക്കിലും മറ്റും നിരവധി പ്രൊഫൈലുകൾ വ്യാജമാണ്. കുറ്റകൃത്യങ്ങൾ ലാക്കാക്കി സൃഷ്ടിക്കപ്പെടുന്ന ഫേക്ക് പ്രൊഫൈലുകൾ വിവരം ഹാക്ക് ചെയ്യാനും സുഹൃത്തുക്കൾ എന്ന രീതിയിൽ മറ്റുള്ളവർക്ക് തെറ്റായ സന്ദേശങ്ങളും കൈമാറുന്നതിനും ഇടയാക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഓൺലൈനിൽ എന്ത് പോസ്റ്റ് ചെയ്താലും അതെല്ലാം തട്ടിപ്പുകാർ നിരീക്ഷിക്കുന്നുണ്ടെന്ന് ഓർക്കണം. ഭാവി പദ്ധതികൾ, സ്ഥലവും സ്ഥാനവും വെളിപ്പെടുത്തുന്ന വിവരം, ഫോൺ, വിലാസം, എന്നിവയും തട്ടിപ്പിനിരയാക്കാൻ വഴിയൊരുക്കും. ഓൺലൈനിൽ പങ്കിടുന്ന ഫോട്ടോകളിൽ, ജി.പി.എസ് ലൊക്കേഷനുകൾ, ലാൻഡ്മാർക്ക് തുടങ്ങിയവ ഒഴിവാക്കണം. അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതും, മറ്റൊരാളുടെ പേരിൽ അക്കൗണ്ടുകൾ ഉണ്ടാക്കുന്നതും അധിക്ഷേപിക്കുന്നതും തട്ടിപ്പുനടത്തുന്നതുമായി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഫെയ്‌സ്ബുക്കിൽ പ്രൊഫൈലും പോസ്റ്റുകളും മറ്റും ആരൊക്കെ കാണണം എന്നത് സ്വയം നിയന്ത്രിക്കാവുന്ന തരത്തിൽ പ്രൈവസി സെറ്റിംഗ്‌സ് ക്രമീകരിച്ചാൽ അപരിചിതരെയും ശല്യക്കാരെയും ഒഴിവാക്കാൻ സഹായകമാകും. പരിചയമുള്ളവരുടെ ഫ്രണ്ട് റിക്വസ്റ്റ് മാത്രം സ്വീകരിക്കണം. അപരിചിതരുമായി ചാറ്റിംഗ് ഒഴിവാക്കണം. പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റണം. വീടിന്റെ താക്കോൽ പോലെയാണ് പാസ്‌വേഡുകളെന്ന് മറക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ശ്രദ്ധിക്കാൻ:

ബാങ്ക് അക്കൗണ്ട് പോലുള്ള വിവരങ്ങളുള്ള സോഷ്യൽ മീഡിയ അക്കൗണ്ട്‌സ് പബ്ലിക് വൈയിൽ ഉപയോഗിക്കരുത് ഫേസ്ബുക്കിലൂടെയോ മെയിലിലൂടെയോ അപരിചിതർ അയച്ചുതരുന്ന ഒരു ലിങ്കുകളും തുറക്കാതിരിക്കുക. മറ്റു വെബ്‌സൈറ്റുകൾ വഴിയോ അപരിചിതർ അയക്കുന്ന മെയിൽ വഴിയുള്ള ലിങ്കിലൂടെയോ ലോഗ് ഇൻ ചെയ്യാതിരിക്കുക. പേര്, ജനനത്തീയതി, അടുത്ത സുഹൃത്തിന്റെ പേര് തുടങ്ങിയവ പാസ്‌വേർഡുകൾ ആയി ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണം.

കുട്ടികളിൽ കണ്ണുവേണം

രക്ഷിതാക്കൾ ജാഗ്രത പാലിക്കുക എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന ചില പോസ്റ്റർ കേരള പൊലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല. പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കുക. കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയവ രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടികളുടെ പെരുമാറ്റത്തിൽ നിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടലോ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായലോ പൊലീസിനെ അറിയിക്കാം.

‘ചിരി’ കൗൺസിലിംഗ് സെന്റർ: 9497900200

സൈബർ സുരക്ഷയ്ക്ക് പരിശീലനം സൈബർ സുരക്ഷയ്ക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ സെപ്തംബർ 23, 24 തീയതികളിൽ നടക്കുന്ന കോൺഫറൻസിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൻസിലേക്കുമുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിംഗ്, സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീർക്കുന്നതിനുമായുള്ള പരിശീലനങ്ങളും നൽകും. വിദ്യാർത്ഥികൾ, സ്വകാര്യവ്യക്തികൾ, കോർപ്പറേറ്റുകൾ തുടങ്ങിയ വിഭാഗക്കാർക്ക് രജിസ്റ്റർ ചെയ്യാം: https://india.c0c0n.org/2022/registration

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button