തിരുവനന്തപുരം:മുല്ലപ്പെരിയാർ അണക്കെട്ട് (Mullapperiyar Dam) നാളെ രാവിലെ തന്നെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് (Water Resource Department) മന്ത്രി റോഷി അഗസ്റ്റിൻ (Minister Roshi Augustine). തമിഴ്നാട് (Tamilnadu) രണ്ട് തവണ മുന്നറിയിപ്പ് നൽകി. അണക്കെട്ടിലെ ജലനിരപ്പ് (Water level) 138 അടിയായി നിലനിർത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
വേണ്ടി വന്നാൽ ഇടുക്കി അണക്കെട്ടിൽ നിന്നും 100 ക്യൂമെക്സ് വെള്ളം ഒഴുക്കി വിടാനുളള അനുമതി എടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ എത്ര ഷട്ടർ തുറക്കുമെന്ന് ഇതുവരെ തമിഴ്‌നാട് അറിയിച്ചിട്ടില്ല. തുറക്കുമെന്ന് ഇന്നലെ രാത്രി തന്നെ അറിയിച്ചിരുന്നു. 138 അടിയാക്കി ജലനിരപ്പ് ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളൂവെന്നതിനാൽ ജലനിരപ്പിൽ കാര്യമായ വ്യത്യാസം വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
അണക്കെട്ട് തുറക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ 350 കുടുംബങ്ങളിലായി 1079 പേരെ മാറ്റി വീടുകളിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വിശദീകരിച്ചു. രണ്ട് ക്യാമ്പുകൾ സജ്ജമാക്കി. ഒന്നിൽ 15 കുടുംബങ്ങളിൽ നിന്നുള്ള 35 അംഗങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. ബാക്കിയുള്ളവരെല്ലാം ബന്ധുവീടുകളിലേക്കാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു.
പെരിയാറിലെ ജലനിരപ്പ് വാണിംഗ് ലെവലിനെക്കാൾ രണ്ടു മീറ്റർ താഴെയാണെന്നും മന്ത്രി പറഞ്ഞു. ആശങ്കയുടെ സാഹചര്യം നിലവിലില്ല. ഫയർ ഫോഴ്സിന്റെ അഞ്ചു യൂണിറ്റുകളുണ്ട്. ചപ്പാത്തുകളും പാലങ്ങളും പൊലീസ് നിരീക്ഷണത്തിൽ ആയിരിക്കും. നദിയിലെ തടസ്സങ്ങൾ നീക്കിയിട്ടുണ്ടെന്നും നദികളിൽ വലിയ തോതിൽ ജലം ഉയരില്ലെന്നും മന്ത്രി പറഞ്ഞു.