മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ നേടണമെങ്കില്‍ ഓള്‍റൗണ്ടര്‍മാരും ഭാഗ്യവും കൂടെ വേണമെന്ന് ഇതിഹാസ ബാറ്റര്‍ സുനില്‍ ഗവാസ്‌കര്‍. 1983 ഏകദിന ലോകകപ്പും 1985 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പും 2011 ഏകദിന ലോകകപ്പും 2013 ചാമ്പ്യന്‍സ് ട്രോഫിയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറുടെ ഈ നിരീക്ഷണം.
‘എന്തിനേക്കാളുമേറെ ഭാഗ്യം പ്രധാനമാണ്. 1983, 1985, 2011 ചാമ്പ്യന്‍ഷിപ്പുകളിലെ ടീമുകള്‍ നോക്കിയാല്‍ എല്ലാറ്റിലും മികച്ച ഓള്‍റൗണ്ടര്‍മാരുണ്ടായിരുന്നു. 7 മുതല്‍ 9 ഓവറുകള്‍ വരെ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ ഈ ടീമിലെല്ലാമുണ്ടായിരുന്നു. എം എസ് ധോണിയുടെ ടീമില്‍ സുരേഷ് റെയ്‌ന, യുവ്‌രാജ് സിംഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവര്‍ പന്തെറിയുന്നവരായിരുന്നു.
ഇത് ടീമിന് വലിയ പ്രയോജനമായിരുന്നു. ഓള്‍റൗണ്ടര്‍മാരുള്ള ടീമിന് മുന്‍തൂക്കമുണ്ടാകും. കഴിഞ്ഞ വര്‍ഷം ട്വന്‍റി 20 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ ഓള്‍റൗണ്ടര്‍മാര്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. അതിനാല്‍ ഓള്‍റൗണ്ടര്‍മാര്‍ നിര്‍ണായകമാണ്. എത്ര ട്രോഫികള്‍ നേടി എന്ന് കണക്കാക്കിയാണ് ഒരു ക്യാപ്റ്റന്‍റെ വിജയത്തെ അളക്കുക.
ഏഷ്യാ കപ്പും ഏകദിന ലോകകപ്പും നേടിയാല്‍ രോഹിത് ശര്‍മ്മയ്‌ക്ക് ഇന്ത്യയുടെ മഹാനായ ക്യാപ്റ്റന്‍മാരില്‍ ഒരാളാകാം. പരിക്കിന് ശേഷം തിരിച്ചുവരുന്ന താരങ്ങള്‍ക്ക് ഏഷ്യാ കപ്പ് വലിയ പരീക്ഷയാകും. രണ്ട് ടൂര്‍ണമെന്‍റുകള്‍ക്കുമായി മികച്ച തയ്യാറെടുപ്പാണ് ടീം നടത്തുന്നത്. മതിയായ പരിശീലനവും വിശ്രമവും താരങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. നമുക്ക് കഴിവുള്ള ഏറെ താരങ്ങളുണ്ട്. എന്നാല്‍ നോക്കൗട്ട് ഘട്ടം ജയിക്കണമെങ്കില്‍ കുറച്ച് ഭാഗ്യം കൂടി ടീമിന് വേണം. നോക്കൗട്ട് റൗണ്ടില്‍ നമ്മെ ഭാഗ്യം അത്ര തുണയ്‌ക്കാറില്ല’ എന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് നാളെയാണ് തുടക്കമാകുന്നത്. പാകിസ്ഥാനിലും ശ്രീലങ്കയിലുമാണ് മത്സരങ്ങള്‍. പാകിസ്ഥാനും നേപ്പാളും തമ്മിലാണ് ഉദ്ഘാടന മത്സരം. സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. ഒക്‌ടോബര്‍ അഞ്ചിന് ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടത്തോടെയാണ് ഏകദിന ലോകകപ്പ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. 2013ന് ശേഷം ഐസിസി ട്രോഫി നേടാനായിട്ടില്ല എന്ന പോരായ്‌മ മറികടക്കുകയാണ് സ്വന്തം നാട്ടില്‍ ടീം ഇന്ത്യയുടെ ലക്ഷ്യം.