കട്ടപ്പന: ഇടുക്കി ചെറുതോണി അണക്കെട്ടിന് ഏഴ് ഷട്ടറുകളാണുള്ളത്. അടിയന്തരമായി തുറക്കാവുന്ന അഞ്ചു ഷട്ടറുകള്‍ക്കു പുറമേ രണ്ടു ഷട്ടറുകള്‍കൂടി ചെറുതോണി അണക്കെട്ടിനുണ്ട്. ഏഴു ഷട്ടറുകളും തുറന്നാല്‍ കേരളത്തിന്റെ ഭാവി തന്നെ പ്രവചനാതീതമാകും.
ജലാശയത്തിന്റെ അടിത്തട്ടോടു ചേര്‍ന്നാണ് (റിവര്‍ ബഡ് ലവല്‍) രണ്ടു ഷട്ടറുകള്‍ ഉള്ളത്. വെര്‍ട്ടിക്കല്‍ ഗേറ്റ് എന്നാണ് ഇതിനു പറയുന്നത്. ആദ്യത്തെ അഞ്ചു ഷട്ടറുകള്‍ റേഡിയല്‍ ഗേറ്റുകളാണ്. 30 അടി ഉയരവും 40 അടി വീതിയുമാണ് റേഡിയല്‍ ഗേറ്റിനുള്ളത്. ഇത് 30 അടിവരെ ഉയര്‍ത്താം. റേഡിയല്‍ ഗേറ്റുകള്‍ സമുദ്രനിരപ്പില്‍നിന്നും 2370 അടി ഉയരത്തിലാണ്. റേഡിയല്‍ ഗേറ്റുകള്‍ തുറന്നാല്‍ ഡാമിന്റെ 2370 അടിക്കുമുകളിലുള്ള വെള്ളമേ പുറത്തേക്കൊഴുകൂ.
പുതിയ ഡാമുകളുടെ ഉയരം സമുദ്രനിരപ്പില്‍നിന്നാണു കണക്കാക്കുന്നത്. ഡാമുകള്‍ തമ്മിലുള്ള താരതമ്യത്തിനാണ് സമുദ്രനിരപ്പില്‍നിന്നുള്ള ഏകീകൃത അളവ് മാനദണ്ഡമാക്കിയത്. സമുദ്രനിരപ്പില്‍നിന്നും 2407 അടിയാണ് ഇടുക്കി ഡാമിന്റെ ഉയരം. തറയില്‍നിന്ന് 547 അടി. വെര്‍ട്ടിക്കല്‍ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത് ചെറുതോണി ഡാമിന്റെ അടിത്തട്ടിനോടു ചേര്‍ന്നാണ്. ഡാമിലെ ജലനിരപ്പ് റേഡിയല്‍ ഷട്ടറുകള്‍ ഉയര്‍ത്തി നിയന്തിക്കാനാകാത്ത അടിയന്തരഘട്ടങ്ങളില്‍ മാത്രമേ വെര്‍ട്ടിക്കല്‍ ഷട്ടര്‍ തുറക്കൂ.
1981ല്‍ ഇടുക്കിയിലെ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ പരീക്ഷണാര്‍ഥം ഒരു വെര്‍ട്ടിക്കല്‍ ഗേറ്റ് സെക്കന്‍ഡുകള്‍ തുറന്നിരുന്നു. ഭീതിജനകമായ സാഹചര്യമാണ് അന്നുണ്ടായത്. നിമിഷങ്ങള്‍ക്കകംതന്നെ ഗേറ്റ് (ഷട്ടര്‍) അടയ്ക്കുകയും ചെയ്തു. കിലോമീറ്റര്‍ ദൂരത്തിലാണ് വെള്ളം കുതിച്ചുചാടിയത്. വെര്‍ട്ടിക്കല്‍ ഗേറ്റ് തുറക്കുന്‌പോള്‍ ഡാമിലെ ആകെ വെള്ളത്തിന്റെസമ്മര്‍ദമാണ് അവിടേക്കെത്തുക.
2018 ഓഗസ്റ്റില്‍ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ റേഡിയല്‍ ഗേറ്റുകള്‍ അഞ്ചും തുറന്നത് ചരിത്രത്തിലാദ്യമായാരുന്നു. 1992 ഒക്ടോബര്‍ 12 മുതല്‍ 16 വരെ മൂന്നു ഷട്ടറുകള്‍ തുറന്നുവച്ചിട്ടുണ്ട്. 1992 നവംബര്‍ 17നാണ് അഞ്ചുഷട്ടറുകളും ആദ്യമായി തുറന്നത്. 17ന് രാത്രിയിലായിരുന്നു അഞ്ചാമത്തെ ഷട്ടര്‍ (ഗേറ്റ) തുറന്നത്. അന്നും ചെറുതോണി പാലത്തില്‍ വെള്ളംകയറി. രാവിലെ നാലു ഷട്ടറുകളും താഴ്ത്തുകയും ചെയ്തു.