ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. മൂന്നാം നമ്പർ ഷട്ടറാണ് ചൊവ്വാഴ്ച രാവിലെ ആറിന് 40 സെന്റീമീറ്റർ തുറന്നത്.
വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാലും മുല്ലപ്പെരിയാറിൽനിന്ന് പെരിയാറിലേക്ക് വൻതോതിൽ വെള്ളമൊഴുക്കുന്നതിനാലും ഇടുക്കിയിലെ ജലനിരപ്പ് അതിവേഗം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ചെറുതോണിയിലെ ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. 40മുതൽ 150 ക്യൂമെക്സ് വെള്ളംവരെ പുറത്തേക്ക് ഒഴുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.
തിങ്കളാഴ്ച 2401 അടിയായപ്പോൾ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വൃഷ്ടിപ്രദേശത്ത് മഴ തുടർന്നതിനാൽ വീണ്ടും ജലനിരപ്പ് കൂടി. രാത്രി ഒൻപതോടെ 2401.12 അടിയായി. ചെറുതോണി അണക്കെട്ടിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു.