KeralaNews

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു, കൂടുതൽ വെള്ളം തുറന്നു വിടും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. 2385.18 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് ഉയരുകയാണ്.ഇടുക്കി അണക്കെട്ടിൽ നിന്ന്  കൂടുതൽ വെള്ളം തുറന്നു വിടാനാണ് തീരുമാനം. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പും ഉയർന്നു തന്നെ നിൽക്കുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയർന്നത്

കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റ‍ര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്

ഈ ഷട്ടറുകൾ കൂടുതൽ ഉയ‍‍ർത്തിയായിരിക്കും അധിക ജലം തുറന്നു വിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്‍റെയും വൈദ്യുതി ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്‍റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.  തുറന്നു വിടേണ്ട വന്നാൽ അദ്യ ഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും പരിധി ഉയർത്തുക. മുല്ലപ്പെരിയാറിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും ഇന്നലെ 3230 ഘനയടിയായി വ‍ർധിപ്പിച്ചിരുന്നു.

മുമ്പ്  വർഷങ്ങൾ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുണ്ടായിരുന്നത്. ഇപ്പോള്‍ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡാം ചെറിയ കാലയളവിൽ തുറക്കുന്ന സാഹചര്യമാണ്. 1981 ൽ രണ്ട് വട്ടം ഡാം തുറന്നിരുന്നു. 32.88 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് ഒഴുക്കി വിട്ടത്. ഒക്ടോബർ 29 മുതൽ നവംബർ 5 വരെ  23.42 മില്യൺ ക്യൂബിക് മീറ്റർ ജലവും, നവംബർ 10  മുതൽ 14 വരെ  9.46 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നു വിട്ടത്. 11 വർഷങ്ങൾക്ക് ശേഷം 1992 ലാണ്  പിന്നെ ഡാം തുറന്നത്.

അന്ന്  78.57 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് തുറന്നു വിട്ടത്. ഒക്ടോബർ 12 മുതൽ 16  വരെ  26.16 മില്യൺ ക്യൂബിക് മീറ്റർ ജലവും നവംബർ 16 മുതൽ 23 വരെ  52.41 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നു വിട്ടത്. 26 വർഷങ്ങൾക്ക് ശേഷം 2018ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്. അതൊരു ചരിത്രമായിരുന്നു. റെക്കോർഡ് വെള്ളമാണ് അന്ന് ഡാമിൽ നിന്ന് തുറന്നു വിട്ടത്.  1068.32 മില്യൺ ക്യൂബിക് മീറ്റർ ജലമാണ് അന്ന് തുറന്നത്. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 8 വരെ  1063.23 മില്യൺ ക്യൂബിക് മീറ്റർ ജലവും ഒക്ടോബർ 7 മുതൽ 9 വരെ 5.09 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് തുറന്നത്.

2021 ൽ ഡാം തുറന്നത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു മൂന്ന് മാസത്തിനുള്ളിൽ നാല് തവണയാണ് അന്ന് ഡാം തുറന്നത്. ഒക്ടോബർ 19 മുതൽ ഒക്ടോബർ 27 വരെ  46.29 മില്യൺ ക്യൂബിക് മീറ്റർ ജലവും,  നവംബർ 14 മുതൽ  16 വരെ  8.62 മില്യൺ ക്യൂബിക് മീറ്റർ ജലവും നവംബർ 18 മുതൽ 20 വരെ 11.19 മില്യൺ ക്യൂബിക് മീറ്റർ ജലവും, ഡിസംബർ 7 മുതൽ 9 വരെ  8.98 മില്യൺ ക്യൂബിക് മീറ്റർ ജലവുമാണ് അന്ന് തുറന്നു വിട്ടത്. ഇടുക്കി ജില്ലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്നും മുൻ കരുതൽ എടുക്കുന്നതിന്റെ ഭാഗമായുമാണ് ഇന്നലെ ഡാം തുറന്നത്.  

ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഇടുക്കി ആർച്ചു ഡാം എന്നിവ ചേർന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button