EntertainmentNationalNews

ഷോര്‍ട്‌സ് ഇട്ട് വത്തിക്കാനില്‍ പോയ എന്നെ ആ പരിസരത്ത് പോലും അടുപ്പിച്ചില്ല; ഹോട്ടലില്‍ പോയി മാറേണ്ടി വന്നു

കൊച്ചി:ബോളിവുഡിലെ മുന്‍നിര നായികയാണ് കങ്കണ റാണവത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നാല് തവണ സ്വന്തമാക്കിയ താരം. ബോളിവുഡിലെ താരകുടുംബങ്ങളുടെ വേരുകളോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടി. നേട്ടങ്ങള്‍ ഒരുപാടുള്ള കരിയര്‍. ഒറ്റയ്ക്ക് ഹിറ്റാക്കി മാറ്റിയ സിനിമകളും ആരാധകര്‍ ഒരിക്കലും മറക്കാത്ത പ്രകടനങ്ങളുമുള്ള ഫിലിമോഗ്രഫി. എന്നാല്‍ ഓഫ് സ്‌ക്രീനിലെ കങ്കണ വിവാദ നായികയാണ്.

തന്റെ പ്രസ്താവനകളിലൂടെ നിരന്തരം വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട് കങ്കണ. താരത്തിന്റെ പ്രതികരണങ്ങളും അഭിപ്രായ പ്രകടനങ്ങളും പലപ്പോഴും അതിരു കടക്കാറുണ്ട്. ഒടുവില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കങ്കണയ്‌ക്കെതിരെ നടപടിയെടുക്കുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. എങ്കിലും അതൊന്നും കങ്കണയുടെ വായടപ്പിച്ചില്ല.

Kangana Ranaut

ഇപ്പോഴിതാ ക്ഷേത്രത്തില്‍ ഷോര്‍ട്‌സ് ധരിച്ചെത്തിയ പെണ്‍കുട്ടികളെക്കുറിച്ച് കങ്കണ നടത്തിയ പ്രസ്താവന വിവാദമായി മാറിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. ഒപ്പം ഒരിക്കല്‍ തനിക്ക് വത്തിക്കാനില്‍ വച്ചുണ്ടായ അനുഭവവും കങ്കണ പങ്കുവെക്കുന്നുണ്ട്.താരത്തിന്റെ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്. കങ്കണയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരും എത്തുന്നുണ്ട്.

ഒരിക്കല്‍ വത്തിക്കാന്‍ സന്ദര്‍ശിക്കാന്‍ പോയ തന്നെ ഷോര്‍ട്‌സും ടീ ഷര്‍ട്ടും ധരിച്ചതിന്റെ പേരില്‍ തടഞ്ഞുവച്ചുവെന്നാണ് കങ്കണ പറയുന്നത്. ഹിമാചല്‍ പ്രദേശിലെ അമ്പലത്തില്‍ ഷോര്‍ട്‌സ് ധരിച്ച് പെണ്‍കുട്ടികളെത്തിയതിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു താരത്തിന്റെ ഈ തുറന്നു പറച്ചില്‍. വിദേശ വസ്ത്രങ്ങള്‍ക്കെതിരേയും ട്വീറ്റില്‍ കങ്കണ സംസാരിക്കുന്നുണ്ട്.

”ഇത് വെള്ളാക്കാര്‍ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വെസ്റ്റേണ്‍ വസ്ത്രങ്ങളാണ്. ഒരിക്കല്‍ ഞാന്‍ വത്തിക്കാനില്‍ പോയിരുന്നു. എന്നാല്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ചാണ് പോയ കാരണത്താല്‍ എന്നെ ആ പരിസരത്ത് പോലും അടുപ്പിച്ചില്ല. എനിക്ക് ഹോട്ടലിലേക്ക് തിരിച്ചു പോയി വസ്ത്രം മാറി വരേണ്ടി വന്നു. ഇതുപോലെ നിശാവസ്ത്രങ്ങള്‍ അണിഞ്ഞു നടക്കുന്ന കോമാളികള്‍ മടിയന്മാമാരും അലസരുമാണ്. അവര്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ ഈ വിഡ്ഢികള്‍ക്കെതിരെ ശക്തമായ നിയമമുണ്ടാകണം” എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

Kangana Ranaut

കങ്കണയെ അനുകൂലിച്ച് ഒരു വിഭാഗം ആളുകളെത്തുമ്പോള്‍ നിരവധി പേര്‍ എതിര്‍ത്തും രംഗത്തെത്തുന്നുണ്ട്. ക്ഷേത്രത്തിലെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പ്രതികരണത്തിനിടെ വത്തിക്കാനിലെ സംഭവം പരാമര്‍ശിച്ചതിന്റെ ഉദ്ദേശശുദ്ധിയേയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

അതേസമയം ദാക്കഡ് ആണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം തീയേറ്ററില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. താരം ഇപ്പോള്‍ എമര്‍ജന്‍സി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ സംവിധാനവും കങ്കണ തന്നെയാണ്. തേജസ് ആണ് കങ്കണയുടെ റിലീസ് കാത്തു നില്‍ക്കുന്ന മറ്റൊരു സിനിമ.ടിങ്കു വെഡ്‌സ് ഷേരു, ചന്ദ്രമുഖി ടു തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

കങ്കണയുടേതായി അവസാനം പുറത്തിറങ്ങിയ തലെവി, ദാക്കഡ്, പങ്ക, മണികര്‍ണിക, ജഡ്ജമെന്റല്‍ ഹേ ക്യാ തുടങ്ങിയ സിനിമകളൊക്കെ പരാജയങ്ങളായിരുന്നു. ഇതിനിടെ ലോക്കപ്പിലൂടെ അവതാരകയായും കങ്കണ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button