കൊച്ചി:മിമിക്രി വേദിയിൽ നിന്ന് ടെലിവിഷനിലേക്കും സിനിമയിലേക്കുമെല്ലാം എത്തി തിളങ്ങിയ നടനാണ് നസീർ സംക്രാന്തി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടീം മുട്ടീം എന്ന പരമ്പരയാണ് നസീറിന് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധനേടി കൊടുത്തത്. പരമ്പരയിൽ കമലാസനൻ എന്ന കഥാപാത്രമായി എത്തിയതോടെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ നടനെ തേടി എത്തിയിരുന്നു.
ഇന്ന് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചും വിവിധ ടെലിവിഷൻ പരിപാടികളുടെ ഭാഗമായും തിളങ്ങി നിൽക്കുകയാണ് നസീർ സംക്രാന്തി. മഴവിൽ മനോരമയിലെ തന്നെ ഒരു ചിരി ബമ്പർ ചിരി എന്ന പരിപാടിയിൽ വിധി കർത്താവ് കൂടിയാണ് നസീർ ഇപ്പോൾ.
അതേസമയം, ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് നസീർ ഇവിടെ വരെ എത്തിയത്. പട്ടിണിയിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നു വന്ന നസീറിന് സ്വന്തമായി നല്ലൊരു വീട് പോലുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമയിലൂടെ അതെല്ലാം സ്വന്തമാക്കിയിട്ടുണ്ട് നടൻ. എങ്കിലും തനിക്ക് വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ലെന്ന് പറയുകയാണ് നസീർ.
മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പണ്ടത്തെ കഷ്ടപ്പാടുകളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നസീർ ഇപ്പോൾ. അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം.
റെയില്‍വേ പുറംമ്പോക്കിലായിരുന്നു നേരത്തെ താമസം. ചുറ്റിനും പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടും. എല്ലാവരെയും അകത്ത് കിടത്തും. എന്നിട്ട് ഞാൻ ചാക്ക് വിരിച്ച് പുറത്ത് കിടക്കും. അങ്ങനെയായിരുന്നു താമസം. ഇപ്പോള്‍ വലിയ വീടൊക്കെ ആണെങ്കിലും ഞാന്‍ ഇവിടെ നിലത്തേ കിടക്കാറുള്ളു. എവിടെ പോയാലും രാത്രി വീട്ടിൽ വരും. കഞ്ഞിയൊക്കെ കുടിച്ച് നിലത്ത് കിടന്നുറങ്ങും. അതാണ് എനിക്ക് സന്തോഷം.
കൊച്ചിയിൽ ഷൂട്ടിന് പോയാലും രാത്രി വീട്ടിലേക്ക് വരും. അതിന് യാത്രാക്ഷീണമൊന്നും ഞാൻ നോക്കാറില്ല. എന്റെ ഇഷ്ടത്തിനാണ് ഞാന്‍ പ്രധാന്യം കൊടുക്കുന്നത്. തിരക്കുള്ള സ്ഥലങ്ങൾ എനിക്ക് ഇഷ്ടമല്ല. യാത്ര പോലും തിരക്കില്ലാത്ത റോഡുകൾ നോക്കിയാണെന്നും നസീർ പറഞ്ഞു.
എന്റെ ആദ്യത്തെ പേര് കോട്ടയം നസീര്‍ എന്നായിരുന്നു. കറുകച്ചാല്‍ നസീര്‍ എന്നായിരുന്നു ഇപ്പോഴത്തെ കോട്ടയം നസീറിന്റെ പേര്. ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു. അവന്‍ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് കോട്ടയം നസീർ എന്ന് പേര് വന്നത്. ഒരേ സ്റ്റേജിൽ രണ്ടു കോട്ടയം നസീർ വരാതിരിക്കാൻ ഞാൻ സംക്രാന്തി എന്ന് ചേര്‍ത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ പണ്ട് പാട്ടൊക്കെ പാടുമായിരുന്നു. കുറേനാൾ യത്തീംഖാനയിലായിരുന്നു. അവിടെ വരുന്നവര്‍ക്ക് പാട്ടൊക്കെ പാടിക്കൊടുക്കുമായിരുന്നു. 11ാ- മത്തെ വയസിലാണ് എന്നെ യത്തീം ഖാനയില്‍ കൊണ്ടാക്കുന്നത്. നിവൃത്തികേട് കൊണ്ടാണ് ഉമ്മ അന്ന് അങ്ങനെ ചെയ്തതെന്ന് അറിയാമെങ്കിലും ഭയങ്കര സങ്കടമായിരുന്നു.
നോമ്പൊക്കെയാവുമ്പോള്‍ എല്ലാവരേയും വീട്ടുകാര്‍ വിളിച്ച് കൊണ്ടുപോവുമ്പോള്‍ നമ്മള്‍ അവിടെ ഒറ്റപ്പെട്ട് നിന്ന അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. എന്നെ വിളിക്കാന്‍ വീട്ടുകാരൊന്നും വരാറുണ്ടായിരുന്നില്ല. അങ്ങോട്ട് വരാനുള്ള ചെലവിനുള്ളത് ഇല്ലാത്തത് കൊണ്ടാണ്. ഇടയ്ക്ക് വെക്കേഷന് വരും. അതേപോലെ തിരിച്ച് പോവും. ഒരിക്കെ വന്നിട്ട് ഞാൻ പോയില്ല. അതോടെ പഠിപ്പ് നിന്നു.
ജാഡ കാണിക്കാനൊന്നും എനിക്കിഷ്ടമല്ല, അത് കാണിച്ചോണ്ട് ഒരു ഗുണവുമില്ല. വീട് വെക്കുന്നതും കാര്‍ വാങ്ങിക്കുന്നതൊക്കെ എന്റെ സ്വപ്നമായിരുന്നു. അതൊക്കെ നടന്ന് കഴിഞ്ഞു. മക്കള്‍ ഈ മേഖലയിലേക്ക് വരുന്നതിനോട് താല്‍പര്യമില്ല. മകളുടെ വിവാഹം കഴിഞ്ഞ് അങ്ങനെ പോകുന്നുണ്ട്. മകന് വിദേശത്ത് ജോലി വേണം എന്നാണ്.
ഈ ഫീല്‍ഡില്‍ ഇറങ്ങിയാല്‍ രക്ഷപ്പെടണം. ഞാനൊക്കെ ഏതോ വിധത്തില്‍ രക്ഷപ്പെട്ടതാണ്. പിള്ളേര്‍ക്കാര്‍ക്കും അങ്ങനെയൊരു താല്‍പര്യവുമില്ല. എന്റേല്‍ കഥയുണ്ടെന്ന് പറഞ്ഞ് ഒരിക്കൽ മോൻ വന്നിരുന്നു. ആദ്യം നീ അത് സ്വയം വായിച്ച് നോക്ക്. കൊള്ളാവുന്നതാണേല്‍ എന്നോട് പറ. നല്ലതാണേല്‍ ആര്‍ക്കേലും കൊടുക്കാമെന്ന് ഞാന്‍ പറഞ്ഞത്. അതോടെ അവന്റെ ആഗ്രഹവും തീര്‍ന്നെന്ന് നസീർ പറയുന്നു.