ബെംഗളൂരു: ഐ ഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റിനെ പുറത്താക്കി. കഴിഞ്ഞ ആഴ്ച ഫാക്ടറിയില്‍ ശമ്പളത്തെച്ചൊല്ലി തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. ചില തൊഴിലാളികള്‍ കൃത്യമായി ശമ്പളം നല്‍കിയില്ലെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു.
‘സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചില തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം സമയത്ത് ലഭിച്ചില്ലെന്ന് സംഭവത്തിന് ശേഷം മനസ്സിലായി. തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു. എല്ലാ തൊഴിലാളികളോടും മാപ്പ് ചോദിക്കുന്നു’-കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ശമ്പള പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി. അച്ചടക്ക നടപടിയുടെ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് വിന്‍സെന്റ് ലീയെ പുറത്താക്കി.
കന്നട, തെലുഗ്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് കമ്പനി പ്രസ്താവനയിറക്കിയത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. കഴിഞ്ഞയാഴ്ചയാണ് ശമ്പളക്കുടിശ്ശിക നല്‍കിയില്ലെന്നാരോപിച്ച് തൊഴിലാളികള്‍ കമ്പനിക്ക് നേരെ തിരിഞ്ഞത്. തൊഴിലാളികളുടെ പ്രതിഷേധത്തില്‍ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടായതായി പറഞ്ഞിരുന്നു.