26.5 C
Kottayam
Tuesday, May 21, 2024

Sanju:എനിക്ക് ടീം മാനേജ്മെന്‍റില്‍ നിന്ന് കൃത്യമായ നിര്‍ദേശമുണ്ട്, പുതിയ റോളിനെക്കുറിച്ച് സഞ്ജു സാംസണ്‍

Must read

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ഏകദിന ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം സഞ്ജു ഉറപ്പിച്ചോ എന്ന് ഇപ്പോള്‍ പറയാറായിട്ടില്ലെങ്കിലും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ തീര്‍ച്ചയായും സഞ്ജു സാംസന്‍റെ പേരുമുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് മത്സരങ്ങളിലും നോട്ടൗട്ടായ സഞ്ജു രണ്ട് കളികളില്‍ അഞ്ചാമനായും മൂന്ന് ഒരു മത്സരത്തില്‍ ആറാമനായുമാണ് ക്രീസിലിറങ്ങിയത്.

ടോപ് ഓര്‍ഡറില്‍ സ്ഥാനം കിട്ടാനായി യുവതുര്‍ക്കികളുടെ കൂട്ടയിടിയുള്ളപ്പോള്‍ അധികം മത്സരമില്ലാത്ത ഫിനിഷര്‍ റോളിലാണ് സ‍ഞ്ജു ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ തിളങ്ങിയത്. ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ വിജയവര കടത്താനായില്ലെങ്കിലും ഫിനിഷര്‍ എന്ന നിലയില്‍ കൂളായ സഞ്ജുവില്‍ മറ്റൊരു എം എസ് ധോണിയെപ്പോലും കാണുന്നവരുണ്ട്.

ആദ്യ മത്സരം അവസാന ഓവറിലേക്ക് നീട്ടിയ സഞ്ജു 63 പന്തില്‍ പുറത്താകാതെ 86 റണ്‍സെടുത്ത് ഇന്ത്യയെ അസാധ്യ വിജയത്തിന്‍റെ പടിവാതിലില്‍ എത്തിച്ചിരുന്നു. ഏത് സാഹര്യത്തിലും ബാറ്റ് ചെയ്യാന്‍ തായാറായി ഇരിക്കാന്‍ തനിക്ക് ടീം മാനേജ്മെന്‍റ് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സഞ്ജുവും പറയുന്നു.

കഴി‌ഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധ പൊസിഷനുകളില്‍ വിവിധ റോളുകളില്‍ ഞാന്‍ ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി ഫിനിഷര്‍ റോളില്‍ കളിക്കാനായി തയാറായി ഇരിക്കാനാണ് എനിക്ക് ടീം മാനേജ്മെന്‍റില്‍ നിന്ന് കിട്ടിയിട്ടുള്ള നിര്‍ദേശം.

വിവിധ ടീമുകളില്‍ വിവിധ പൊസിഷനുകളില്‍ കളിച്ചപ്പോഴുള്ള അനുഭവവും എനിക്ക് ഇവിടെ തുണയാകുമെന്നാണ് കരുതുന്നത്. പലപ്പോഴും ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. എങ്കിലും മാനസികമായി  സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാനാണ് താനിപ്പോള്‍ ശ്രമിക്കുന്നതെന്നും സഞ്ജു സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

അഞ്ചാമതോ ആറാമതോ ഇറങ്ങി കൂളായി ഫിനിഷ് ചെയ്യാന്‍ കഴിയുന്ന സഞ്ജു അടുത്ത ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. സഞ്ജുവിന്‍റെ സമകാലീനരായ ഇഷാന്‍ കിഷനും റിഷഭ് പന്തിനും ടോപ് ഓര്‍ഡറില്‍ കളിച്ചാണ് കൂടുതല്‍ പരിചയം. ഈ സാഹചര്യത്തില്‍ ടി20 ക്രിക്കറ്റില്‍ദ ദിനേശ് കാര്‍ത്തിക് ചെയ്യുന്ന ജോലി ഏകദിനങ്ങളില്‍ സഞ്ജു ചെയ്യുന്ന കാലം വിദൂരമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week