കൊച്ചി:മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. വർഷങ്ങളോളം സംവിധായകൻ കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ശേഷം 1998 ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനായി മാറുന്നത്.
പിന്നീട് അങ്ങോട്ട് മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായി ലാൽ ജോസ് പേരെടുക്കുകയായിരുന്നു. സിനിമയിലെ ലാൽ ജോസിന്റെ അടുത്ത സുഹൃത്താണ് നടൻ ദിലീപ്. ലാൽ ജോസ് അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്ന കാലം മുതലുള്ളതാണ് ഇവരുടെ സൗഹൃദം. നിരവധി ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.
അതേസമയം, ദിലീപിന്റെ ജീവിതത്തിലും വലിയ പങ്കുവഹിച്ചിട്ടുണ്ട് ലാൽ ജോസ്. ഇപ്പോഴിതാ, ഒരിക്കൽ ദിലീപിന് മഞ്ജുവുമായി സംസാരിക്കാൻ അവസരം ഉണ്ടാക്കി നൽകിയതിനെ കുറിച്ചും അത് മൂലം തനിക്കുണ്ടായ നഷ്ടത്തെ കുറിച്ചും പറയുകയാണ് ലാൽ ജോസ്.
താൻ സ്വതന്ത്ര സംവിധായകനാകുന്നതിന് തൊട്ട് മുൻപ് കമലിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ച ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ലാൽ ജോസ് ഇക്കാര്യവും പറഞ്ഞത്. വിശദമായി വായിക്കാം.
‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് വളരെ രസകരവും സന്തോഷകരവുമായ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. ആ സമയത്ത് ദിലീപും മഞ്ജുവും തമ്മിലുള്ള അടുപ്പം വളരെ റിയലായി വളർന്നു കഴിഞ്ഞിരുന്നു. ഈ സിനിമയിൽ ജയറാമിന്റെ നായികയായി മഞ്ജു വാര്യർ ആയിരുന്നു,’
‘അന്ന് ദിലീപിന് മഞ്ജു അഭിനയിക്കുന്ന ഒരു സെറ്റിലും പോകാൻ കഴിയില്ലായിരുന്നു. കുടമാറ്റം എന്ന സിനിമയൊക്കെ കഴിഞ്ഞപ്പോഴേക്കും മഞ്ജുവിന്റെ അച്ഛൻ ദിലീപ് അഭിനയിക്കുന്ന സിനിമകളിൽ മഞ്ജുവിനെ അഭിനയിപ്പിക്കില്ലെന്ന് തീരുമാനം എടുത്തിരുന്നു. ദിലീപിന്റെ സിനിമകളിലേക്കുള്ള കോളുകൾ വരുമ്പോൾ അദ്ദേഹം അത് കട്ട് ചെയ്യും,’
‘അതോടെ ദിലീപിന് മഞ്ജുവിനൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ ഇല്ലാതെ ആയി. പിന്നെ മറ്റു സെറ്റുകളിൽ പോയി മഞ്ജുവിനെ കാണലും നടക്കില്ല. കാരണം അവിടെയൊക്കെ ദിലീപ് ചെന്നാൽ തന്നെ അത് ഒരു വാർത്തയാകും. അത് മാത്രമല്ല അവിടെ വെച്ച് അച്ഛൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ അതൊരു നാറ്റക്കേസാവും,’
‘അപ്പോഴാണ് ദിലീപിന് ഇവിടെ പെരിന്തൽമണ്ണയിൽ ഒരു ഗോൾഡൻ അവസരം ലഭിക്കുന്നത്. മഞ്ജു കമൽ സാറിന്റെ സിനിമയിലാണ് അഭിനയിക്കുന്നത്. കമൽ സാറിന്റെ സെറ്റിൽ വരാൻ ദിലീപിന് ആരോടും ചോദിക്കേണ്ട കാര്യമില്ല. കാരണം ആ കുടുംബത്തിലെ അംഗമാണ്. അങ്ങനെ ദിലീപ് പെരിന്തൽമണ്ണയ്ക്ക് വന്നു,’
‘ഞങ്ങളെ കാണാൻ എന്ന വ്യജേനെയാണ് വരവ്. അന്ന് ഫോർഡിന്റെ എസ്‌കോർട്ട് എന്ന വലിയ കാർ ദിലീപ് വാങ്ങിച്ചിട്ടുണ്ട്. 11 ലക്ഷം മറ്റുമാണ് അന്ന് അതിന്റെ വില. എനിക്കൊന്നും അത് ചിന്തിക്കാൻ പറ്റില്ല. നീ എന്ത് കണ്ടിട്ടാണ് ഇതൊക്കെ വാങ്ങിക്കുന്നതെന്ന് ഞാൻ ചോദിച്ചു.
അത് കുഴപ്പമില്ല. ലോൺ ഉണ്ടാലോ എന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം കാര്യങ്ങളിൽ വല്ലാത്തൊരു ധൈര്യമാണ് ദിലീപിന്. പക്ഷെ നമ്മുടെ ഇടയിൽ ഒരാൾ അത്രയും വലിയ കാർ വാങ്ങിയതിൽ സന്തോഷമുണ്ടായിരുന്നു,’
‘ആ കാർ ഞങ്ങളെ കാണിക്കാൻ ഉള്ള ഉദ്ദേശത്തിൽ കൂടിയാണ് വരുന്നത്. അന്ന് ദിലീപിനെ മഞ്ജുവിനെ കാണാൻ ഒരു അവസരം ഉണ്ടാക്കാനായിട്ട്, ട്രെയിനിലെ ഷൂട്ടിങ്ങിനിടയ്ക്ക് മഞ്ജുവിന്റെ അച്ഛന്റെ കണ്ണ് വെട്ടിച്ച് ദിലീപ് കയറി. ഷൂട്ട് നടക്കുന്നതിന് അപ്പുറത്തെ കമ്പാർട്മെന്റിൽ ദിലീപിനെ ഇരുത്തി എന്നിട്ട് ബാത്‌റൂമിൽ പോകുന്നു എന്ന വ്യാജേനയാണ് ദിലീപിൻറെ അടുത്തേക്ക് മഞ്ജു വരുന്നതും സംസാരിക്കുന്നതും,’
‘പിന്നീട് എന്റെ മറവത്തൂർ കനവ് എന്ന സിനിമയിൽ മഞ്ജു ആയിരുന്നു നായികയാവേണ്ടിയിരുന്നത്. അത് മഞ്ജു അഭിനയിക്കാതെ ഇരിക്കാൻ കാരണം, ദിലീപിന് ട്രെയിനിൽ വെച്ച് മഞ്ജുവിനെ കാണാൻ അവസരം ഒരുക്കിയത് ഞാൻ ആണെന്നതിനെ തുടർന്ന് മഞ്ജുവിന്റെ അച്ഛനുണ്ടായ വൈരാഗ്യമാണ്. ദിലീപിന്റെ ഒരു ചെറിയ കുസൃതിക്ക് എനിക്കാണ് വില കൊടുക്കേണ്ടി വന്നത്,’ ലാൽ ജോസ് പറഞ്ഞു.