NationalNews

‘ഞാന്‍ അവരോട് മാപ്പ് ചോദിക്കുന്നു’; 31 വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവ് ഗാന്ധി വധത്തില്‍ നളിനി

ന്യൂഡല്‍ഹി: ശ്രീപെരുമ്പത്തൂര്‍ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ക്ഷമ പറഞ്ഞ് രാജീവ് ഗാന്ധി വധക്കേസ് പ്രതികളിലൊരാളായ നളിനി ശ്രീഹരണ്‍. ‘ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ ഒരുപാട് വര്‍ഷമായി ഇതിനെക്കുറിച്ച് ആലോചിക്കുന്നു ‘ എന്ന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയായ നളിനി എന്‍ഡി ടിവിക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

‘ അവര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെട്ടത്. എന്നെങ്കിലുമൊരു ദിവസം അവര്‍ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് അതിജീവിക്കുമെന്ന് എനിക്കുറപ്പുണ്ട്.’ എന്നും ഗാന്ധിക്കുടുംബത്തോടും മറ്റുള്ളമവരോടും ക്ഷമ പറഞ്ഞുകൊണ്ട് അവര്‍ പ്രതികരിച്ചു. രാജീവ് ഗാന്ധിയുടെ കുടുംബത്തെ കാണാന്‍ ആഗ്രഹമില്ലേയെന്ന ചോദ്യത്തിന് അവര്‍ എന്നെ കാണുമെന്ന് തോന്നുന്നില്ല, അതിനുള്ള സമയം എന്നോ കഴിഞ്ഞുപോയെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് നളിനി പറഞ്ഞത്.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ഉള്‍പ്പടെ ആറു പേര്‍ ആണ് ശനിയാഴ്ച ജയില്‍ മോചിതരായത്. നളിനിയെ കൂടാതെ ശ്രീഹരന്‍, ആര്‍പി രവിചന്ദ്രന്‍, ശാന്തന്‍, മുരുഗന്‍, റോബര്‍ട് പയസ് എന്നിവരാണ് ജയില്‍ മോചിതരായത്. ഈ വര്‍ഷം മെയ് 18-നാണ് കേസിലെ മുഖ്യപ്രതിയായ എജി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഇതോടെ രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു.

1991 മെയ് 21-നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍ടിടിഇയുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പ്രതികളെ മോചിതരാക്കാനുള്ള കോടതിയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button