28.4 C
Kottayam
Wednesday, May 15, 2024

ലീഗ് വിമതരുടെ യോഗത്തിൽ പങ്കെടുത്ത് ഹൈദരലി തങ്ങളുടെ മകൻ,ലീഗ് കേന്ദ്രങ്ങളില്‍ ഞെട്ടല്‍

Must read

കോഴിക്കോട്: ലീഗ് വിമതരുടെ യോഗത്തിൽ പങ്കെടുത്ത് ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾ നേതൃത്വത്തെ ഞെട്ടിച്ചു.ലീഗ് സസ്പെൻഡ് ചെയ്ത കെഎസ് ഹംസയുടെ നേതൃത്വത്തിലാണ് പരിപാടി. ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ രൂപീകരണം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് വച്ചായിരുന്നു യോഗം. നടപടി നേരിട്ട ലത്തീഫ് തുറയൂർ, പിപി ഷൈജൽ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റാണ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടയാളാണ് കെ.എസ്. ഹംസ. ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ എന്ന പേരിൽ കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിലാണ് യോഗം വിളിച്ചുചേർത്തത്.

മുഈനലി തങ്ങൾക്കു പുറമേ മുസ്ലിംലീഗ് പ്രവർത്തക സമിതി അംഗം, ജില്ലാ ഭാരവാഹികൾ, ഹരിത വിഷയത്തിൽ നടപടി നേരിട്ട എം.എസ്.എഫ്. നേതാക്കൾ എന്നിവരും പങ്കെടുത്തു. ലീഗിൽ നടപടി നേരിട്ടവരും അസംതൃപ്തരായി തുടരുന്നവരുമായ എൺപതോളം പേരാണ് യോഗത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ ജൂലായിൽ കൊച്ചിയിൽ നടന്ന മുസ്ലിംലീഗ് പ്രവർത്തക സമിതി യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വിമർശനം നടത്തിയതിന് നടപടി നേരിട്ടയാളാണ് കെ.എസ്. ഹംസ. പാർട്ടി സ്ഥാനങ്ങളിൽനിന്ന് ഇദ്ദേഹത്തെ നീക്കിയതായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രികയിലെ അഴിമതിക്കെതിരെയും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയടക്കം പല വിഷയങ്ങളിൽ ലീഗ് നേതൃത്വത്തിനെതിരേ പരസ്യ വിമർശനം നടത്തിയ വ്യക്തിയാണ് മുഈനലി തങ്ങൾ.

വിമത യോഗത്തിലെ മുഈനലി തങ്ങളുടെ പങ്കാളിത്തം പാർട്ടിയിൽ വരും ദിവസങ്ങളിൽ വിവാദത്തിന് വഴിവച്ചേക്കും. നേരത്തേ കോഴിക്കോട് ലീഗ്ഹൗസിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിനിടെ അപ്രതീക്ഷിതമായി എത്തി മുഈനലി തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് വൻവിവാദം സൃഷ്ടിച്ചിരുന്നു.അടുത്തിടെ വിവിധ വിഷയങ്ങളിൽ നേതൃത്വത്തെ പ്രതികൂട്ടിൽനിർത്തുന്ന പ്രസ്താവനകളുമായി മുഈനലി തങ്ങൾ ലീഗിന് തലവേദന സൃഷ്ടിച്ചിരുന്നു. അതേസമയം, വിഷയം അന്വേഷിച്ച് വരികയാണെന്നാണ് ഉന്നത നേതാക്കളുടെ പ്രതികരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week