ന്യൂഡല്‍ഹി: ഹൈദരാബാദില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കമ്മീഷണര്‍ സജ്ജനാര്‍ പ്രതികളെ കൊന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും ആരോപിച്ച് സുപ്രീംകോടതിയില്‍ അഭിഭാഷകരുടെ ഹര്‍ജി. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഹൈദ്രബാദ് വെടിവെപ്പ് വ്യാജമായി നടത്തിയാതാണെന്നും സജ്ജനാര്‍ IPS നെതിരെ ipc 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാന്‍ നിര്‌ദേശിക്കണമെന്നും, സജ്ജനാറിനെ ഉള്‍പ്പെടെ വ്യാജ ഏറ്റുമുട്ടലില്‍ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും അടിയന്ത്രമായി സസ്‌പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ പൊതുതാപര്യ ഹര്‍ജ്ജി നല്‍കിയെന്നും ശ്രീജിത്ത് ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
നടന്നത് വ്യാജ ഏറ്റുമുട്ടല്‍ ; കമ്മീഷണര്‍ സജ്ജനാര്‍ പ്രതികളെ കൊന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍; ഉടന്‍ പോലീസില്‍ നിന്നും മാറ്റിനിര്‍ത്തണം ; ഗുരുതര ആരോപണങ്ങളുമായി സുപ്രീംകോടത്തിയില്‍ സുപ്രീംകോടതി അഭിഭാഷകരുടെ ഹര്‍ജ്ജി ! #mustRead
ഹൈദ്രബാദ് വെടിവെപ്പ് വ്യാജമായി നടത്തിയാതാണെന്നും സജ്ജനാര്‍ IPS നെതിരെ ipc 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കാന്‍ നിര്‌ദേശിക്കണമെന്നും, സജ്ജനാറിനെ ഉള്‍പ്പെടെ വ്യാജ ഏറ്റുമുട്ടലില്‍ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും അടിയന്ത്രമായി സസ്‌പെന്റ് ചെയ്യാനും ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ പൊതുതാപര്യ ഹര്‍ജ്ജി നല്‍കി.
കമ്മീഷണര്‍ സജ്ജനാര്‍ മുന്‍പും എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണെന്നും, പൊതുജനങ്ങളുടെ വികാരങ്ങളെയും പൊതുബോധത്തെയും തൃപ്തിപ്പെടുത്താനോ അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനോ ആണ് സജ്ജനാര്‍ 4 പ്രതികളെയും കൊന്നതെന്നും ഹര്‍ജ്ജിയില്‍ ആരോപിക്കുന്നു.
റേപ്പിസ്റ്റുകളെ കൊന്ന് ഹീറോകള്‍ ആയി മാറിയിരിക്കുകയാണ് പ്രതിസ്ഥാനത്തുള്ള പോലീസുകാര്‍. സൈബറാബാദ് പോലീസ് കമ്മീഷണര്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നും അദ്ദേഹത്തിനോ പോലീസ് ടീമിനോ 4 പ്രതികളെ കൊന്നതില്‍ യാതൊരുവിധ പരിഭവവും ഇല്ലാ എന്നത് വ്യക്തമാണ്.
വലിയ എന്തോ കാര്യം നേടിയതുപോലെയുള്ള ഒരു ശരീര ഭാഷയായിരുന്നു കമ്മീഷണറുടേത്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും പൊതുജനങ്ങളുടെ വലിയരീതിയിലുള്ള കയ്യടിയും, ആദരവാണ് ലഭിക്കുന്നതും പത്രസമ്മേളന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പൊതുജനങ്ങള്‍ കമ്മീഷണര്‍ക്ക് പുഷ്പഹാരങ്ങള്‍ സമര്‍പ്പിക്കുന്നതും, പുഷ്പവൃഷ്ടി നടത്തുന്നതും കാണാമായിരുന്നു. ഇത്തരം പ്രവൃത്തികള്‍ അനുവദിക്കുകയാണെങ്കില്‍ പിന്നെ നമ്മള്‍ പരിഷ്‌കൃത സമൂഹമാണെന്നോ, നിയമവാഴ്ചയുള്ള നാടാണെന്നോ പറയാനാകില്ലെന്നും ഹര്‍ജ്ജിയില്‍ ചൂണ്ടികാണിക്കുന്നു.
പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥരായതിനാല്‍, തെളിവുകള്‍ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാല്‍ കമ്മീഷന്റെ ഉള്‍പ്പെടെ വ്യാജ ഏറ്റുമുട്ടലില്‍ പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും സ്വതന്ത്രമായ ഒരു സിബിഐ, സിഐഡി,എസ്‌ഐടി അന്വേഷണം തീരുന്നതുവരെ ജോലിയില്‍ നിന്നും അടിയന്തരമായി മാറ്റി നിര്‍ത്തണമെന്നും ഹര്‍ജ്ജിയില്‍ ആവശ്യപ്പെടുന്നു.
പെണ്‍കുട്ടി റേപ്പ് ചെയ്യപ്പെട്ട കൊല്ലപ്പെടുന്നതിനും എത്രയോ മുന്‍പ് മകളെ കാണാനില്ല എന്ന് പറഞ്ഞു പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പോലീസ് അന്വേഷിക്കുകയോ , യാതൊരു നടപടിയും എടുക്കുകയോ ചെയ്തില്ല എന്നുമാത്രമല്ല ”നിങ്ങളുടെ മകള്‍ ആരുടെയെങ്കിലും കൂടെ പോയതായിരിക്കും” എന്ന അങ്ങേയറ്റത്തെ ഹീനമായ അപമാനകരമായ മറുപടിയായിരുന്നു പോലീസ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന് നല്‍കിയത്. എന്നാല്‍ തുടര്‍ന്ന് മീഡിയയിലൂടെ ഉള്‍പ്പെടെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയര്‍ന്നുവന്നപ്പോള്‍ ജനശ്രദ്ധ മാറ്റാന്‍വേണ്ടി പോലീസ് 24 മണിക്കൂറിനുള്ളില്‍ 4 പ്രതികളെ അറസ്റ്റ് ചെയ്തു എന്ന് പ്രഖ്യാപിക്കുകയും അവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യിപ്പിക്കുകയും തുടര്‍ന്നകസ്റ്റഡിയില്‍ മേടിച്ച് വെളുപ്പാന്‍കാലത്ത് കൊണ്ടുപോയി നിയമ പ്രക്രിയയിലൊന്നുമില്ലാതെ പോലീസ് വധശിക്ഷ നടപ്പിലാകുകയുമായിരുന്നു എന്നും ഹര്‍ജ്ജിയില്‍ പറയുന്നു.
തെലുങ്കാനയില്‍ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തിലെ പോലീസുകാര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തുന്ന നാലാമത്തെ ഹര്‍ജ്ജിയാണിത്.
അഭിഭാഷകനായ എം എല്‍ ശര്‍മയും പോലീസുകാര്‍ക്കെതിരെയും, പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിനെ പിന്തുണച്ച ജയാ ബച്ചനെതിരെയും, ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജ്ജി നല്‍കിയിട്ടുണ്ട്.
സുപ്രീംകോടതി 2014 പുറപ്പെടുവിച്ച എന്‍കൗണ്ടര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും, പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവര്‍ നേരത്തെ മറ്റൊരു ഹര്‍ജ്ജി സുപ്രീംകോടതില്‍ സമര്‍പ്പിച്ചിട്ടുണ്ട്.