കടയ്ക്കൽ (കൊല്ലം) • യുവതിയെ ആറു വയസ്സുകാരിയായ മകൾക്കു മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പാരിപ്പള്ളി കശുവണ്ടി ഫാക്ടറി സൂപ്പർവൈസർ കോട്ടപ്പുറം മേവനക്കോണം ലതാ ഭവനിൽ ജിൻസിയാണ് (25) മരിച്ചത്.
സംഭവ സ്ഥലത്തു നിന്നു കടന്നു കളഞ്ഞ ഭർത്താവ് ദീപു (30) ഏറെക്കഴിയും മുൻപ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്നലെ 3.30നാണ് സംഭവം. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. പരേതനായ പുഷ്പന്റെയും കോട്ടപ്പുറം കശുവണ്ടി ഫാക്ടറി തൊഴിലാളി ലതയുടെയും ഏക മകളാണ് ജിൻസി.
കശുവണ്ടി ഫാക്ടറിയിൽ പോയി തിരിച്ചെത്തിയ ജിൻസിയെ മകൾക്കു മുന്നിൽ വച്ച് ദീപു വെട്ടി പരുക്കേൽപിച്ചു. വെട്ടേറ്റ ജിൻസി ഓടാൻ ശ്രമിച്ചെങ്കിലും അടുക്കളയുടെ ഭാഗത്ത് വീണു. അടുത്തുള്ളവർ ഓടിയെത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ജിൻസി വരുന്നതും കാത്ത് വീടിന്റെ ഭാഗത്ത് ദീപു ഒളിച്ചിരുന്നതായി കരുതുന്നു.
ഇവരുടേത് പ്രണയ വിവാഹമായിരുന്നു. കശുവണ്ടി ഫാക്ടറി തൊഴിലാളിയായ അച്ഛൻ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം വഴിയാണ് ജിൻസിക്ക് ജോലി ലഭിച്ചത്. ദീപു നേരത്തേ ഓട്ടോ ഡ്രൈവർ ആയിരുന്നു. ഒരാഴ്ച മുൻപ് ജിൻസിയുമായി പിണങ്ങി മകളെയും കൂട്ടി ദീപു ചുണ്ട പട്ടാണിമുക്കിലുള്ള വീട്ടിൽ പോയി.
ജിൻസിയും അമ്മയും ചേർന്ന് ദീപുവിനെതിരെ കടയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ദീപു സ്ഥിരമായി ശല്യം ചെയ്യുകയും വീട്ടിലെത്തി മർദിക്കുന്നതായും ആരോപിച്ചായിരുന്നു പരാതി. ദീപുവിനെ വിളിച്ചു വരുത്തി ചർച്ച ചെയ്യാനിരിക്കെയാണ് ജിൻസിയുടെ മരണം. ദീപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കും.
കടയ്ക്കൽ ഇൻസ്പെക്ടർ പി.എസ്. രാജേഷിനാണ് അന്വേഷണച്ചുമതല. ജിൻസിയുടെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്നു കൊല്ലം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിക്കും. മക്കൾ: ധീരജ്, ദിയ.