കൊച്ചി: ഖുര്‍ആനിന്റെ മറവില്‍ കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് യുഎഇയില്‍ നിന്നും എത്തിയ ഖുര്‍ആന്‍ അവിടേയ്ക്ക് തന്നെ തിരിച്ചയക്കുമെന്ന് കെ.ടി ജലീല്‍ അറിയിച്ചു .
ഇത് സംബന്ധിച്ച് കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കത്തയച്ചതായും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കത്തിന്റെ കോപ്പിയും ജലീല്‍ പങ്കു വെച്ചിട്ടുണ്ട് .
എടപ്പാളിലെയും ആലത്തൂരിലെയും രണ്ട് സ്ഥാപനങ്ങളില്‍ സൂക്ഷിച്ച ഖുര്‍ആന്‍ കോപ്പികള്‍ ആണ് യുഎഇ കോണ്‍സുലേറ്റിന് മടക്കി നല്‍കുക. ഖുര്‍ആനിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം ജലീലിന് നേരെ ഉയര്‍ന്നതോടെ വിവിധ ഏജന്‍സികള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ജലീലിനെ ചോദ്യം ചെയ്തിരുന്നു.
ഖുര്‍ആന്‍ തിരിച്ചേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസിന് മെയില്‍ അയച്ചിട്ടുണ്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നും, ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഉള്ളതിനാലാണ് തിരിച്ചേല്‍പ്പിക്കുന്നതെന്നും ജലീല്‍ വിശദീകരിക്കുന്നു.
അതീവ വിഷമത്തോടെയാണ് മതവിശ്വാസിയായ താന്‍ ഖുര്‍ആന്‍ തിരിച്ചേല്‍പ്പിക്കാന്‍ ഉള്ള തീരുമാനം എടുക്കുന്നതെന്നും, കോപ്പികള്‍ മടക്കി ഏല്‍പ്പിക്കുന്ന തിയതിയും സമയവും ഫേസ്ബുക്കിലൂടെ പിന്നീടറിയിക്കുമെന്നും ജലീല്‍ വ്യക്തമാക്കുന്നു.