കാസർകോട് :കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് മണിക്കൂറിനുള്ളിൽ പൊലീസിന്റെ പിടിയിലായി. കൊളത്തൂർ പെർളടുക്ക ടൗണിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരവനടുക്കം തലക്ലായിയിലെ ടി.ഉഷ (45)യാണ് കൊല്ലപ്പെട്ടത്. മൃതദേഹം പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞു, മുറിയും പൂട്ടി കടന്നു കളയാൻ ശ്രമിച്ച ഭർത്താവ് കൊളത്തൂർ കുട്ട്യാനം കരക്കയടുക്കത്തെ അശോകൻ (48) കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണു പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. ശബരിമല ദർശനത്തിനായി മുദ്ര ധരിച്ച് വ്രതം അനുഷ്ഠിക്കുകയായിരുന്ന അശോകനെ സമീപത്തെ ഭജന മന്ദിരത്തിൽ നിത്യ കർമത്തിനു പോകാനായി തൊട്ടടുത്ത മുറിയിലെ താമസക്കാരൻ വിളിച്ചു നോക്കിയെങ്കിലും മറുപടിയുണ്ടായില്ല.
അകത്തെ ലൈറ്റുകൾ ഓഫ് ആക്കാതെയും ക്വാർട്ടേഴ്സിന്റെ മുറി പൂട്ടിയ നിലയിലുമായിരുന്നു. ക്വാർട്ടേഴ്സ് ഉടമയെ വിവരമറിയിച്ചു മറ്റൊരു താക്കോൽ ഉപയോഗിച്ചു വാതിൽ തുറന്നു നോക്കിയപ്പോൾ മുറിയിലും ചുവരിലും രക്തപ്പാടുകൾ കണ്ടെത്തി. ബേഡകം പൊലീസ് സ്ഥലത്തെത്തി മുറി പരിശോധിച്ചപ്പോഴാണു കൊലപ്പെടുത്തി പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. കൊലയ്ക്കു ശേഷം ട്രെയിൻ കയറി രക്ഷപ്പെടാനായി അശോകൻ കാസർകോട് സ്റ്റേഷനിലെത്തി. ഇയാൾ പ്ലാറ്റ്ഫോമിൽ പുകവലിക്കുന്നതു ശ്രദ്ധയിൽപെട്ട റയിൽവേ പൊലീസ് പിടികൂടി ചോദ്യം ചെയ്തു.
ശരീരത്തിൽ രക്തപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നി ബേഡകം പൊലീസ് സ്റ്റേഷനിൽ വിവരം നൽകി. അപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണെന്നു തിരിച്ചറിയുന്നത്. തുടർന്നു ബേഡകം പൊലീസിനു കൈമാറുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് ബേക്കൽ ഡിവൈഎസ്പി സി.കെ.സുനിൽകുമാർ പറഞ്ഞു.ഫൊറൻസിക്–വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. ബേഡകം സിഐ കെ.ദാമോദരനാണു കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ഇന്നു നടക്കും. തലക്ലായിയിലെ പരേതനായ ടി.കുമാരന്റെയും നാരായണിയുടെയും മകളാണ് ഉഷ. ഏകമകൻ ആദിഷ്. സഹോദരങ്ങൾ: ടി.ബാലൻ, ടി.ബാബു, ബേബി, റീന. പരേതനായ രാഘവൻ.
കൊല്ലപ്പെട്ട യുവതിയുടെ ദേഹത്ത് 52 മുറിവുകളെന്നു പൊലീസ്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതിനു ശേഷം വിവിധ കത്തികൾ ഉപയോഗിച്ച് ശരീരമാസകലം വെട്ടുകയായിരുന്നു. കഴുത്ത് അറ്റുപോകാനായ നിലയിലായിരുന്നു.ഉറക്കത്തിനിടെ കഴുത്ത് ഞെരിച്ചതിനാൽ യുവതിയുടെ ശബ്ദം സമീപവാസികളാരും കേട്ടില്ല. കൊലപാതകത്തിനു ശേഷം പ്ലാസ്റ്റിക് പായയിൽ കെട്ടി പുഴയിൽ തള്ളാനായിരുന്നു ആലോചന. എന്നാൽ ഭാരം കാരണം മുറിയിൽ തന്നെ ഉപേക്ഷിച്ചു.രാത്രി 11നും ഒന്നിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവം കഴിഞ്ഞ് പുലർച്ചെ ഒന്നിന് വീട്ടിൽ നിന്നിറങ്ങിയെന്ന് പ്രതി പൊലീസിനു മൊഴി നൽകി.
എന്തിനാണു കൊലപ്പെടുത്തിയെന്ന ചോദ്യത്തിനു ഏറെ സമയം മൗനവും പിന്നീട്, എന്നോടു സംസാരിക്കുന്നതിനേക്കാളും കൂടുതൽ മറ്റുള്ളവരോടും സംസാരിക്കുന്നുവെന്ന മറുപടിയാണു നൽകിയതെന്നു പൊലീസ് പറഞ്ഞു.ഒരു വർഷത്തിലേറെയായി പെർളടുക്കയിലെ ടൗണിലെ ക്വാർട്ടേഴ്സിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഏറെക്കാലം തലക്ലായിയിലെ വീട്ടിലായിരുന്ന ഉഷയും മകൻ ആദിഷും കഴിഞ്ഞിരുന്നത്. പിന്നീടാണ് പെർളടുക്കയിലെ വാടക വീട്ടിലേക്കു താമസം മാറിയത്.