ബീഹാർ: ബിഹാറിലെ മോത്തിഹാരി ജില്ല(Motihari district of Bihar)യിൽ മരിച്ചുവെന്ന് കരുതപ്പെടുന്ന ഒരു സ്ത്രീയെ കാമുകനൊപ്പം കണ്ടെത്തി. എന്നാൽ, അതിനേക്കാൾ വിചിത്രമായ കാര്യം ഇവരുടെ ഭർത്താവ് ഇവരെ കൊലപ്പെടുത്തിയെന്ന കേസിൽ പെട്ട് അകത്തു കിടക്കുകയാണ് എന്നതാണ്.
ശാന്തി ദേവി(Shanti Devi) എന്നാണ് സ്ത്രീയുടെ പേര്. 2016 ജൂൺ പതിനാലിനാണ് ലക്ഷ്മിപൂരിലുള്ള ദിനേശ് റാമുമായി അവരുടെ വിവാഹം കഴിഞ്ഞത്. ഏപ്രിൽ 19 -ന് അവർ ഭർത്താവിന്റെ വീട്ടിൽ നിന്നും ഓടിപ്പോവുകയും പഞ്ചാബിൽ കാമുകനുമായി ജീവിതം തുടങ്ങുകയും ചെയ്‍തു. കാമുകനൊപ്പമാണ് യുവതിയുള്ളത് എന്ന് ആരും അറിഞ്ഞില്ല.
എന്നാൽ, യുവതിയെ കാണാതായതോടെ അവരുടെ വീട്ടുകാർ ഭർത്താവിനെതിരെ പരാതി നൽകി. സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയിട്ടുണ്ടാകണം എന്ന് കാണിച്ചായിരുന്നു പരാതി നൽകിയത്. അങ്ങനെ ദിനേശിനെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‍തു.
ശാന്തിയുടെ പിതാവ് യോഗേന്ദ്ര യാദവ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘2016 ഏപ്രിൽ 19 -നാണ് ദിനേശ് റാം എന്റെ മകളെ വിവാഹം കഴിക്കുന്നത്. അവളെ എവിടെയും കാണാനില്ല എന്ന വിവരം എനിക്ക് കിട്ടി. ഞാനവളുടെ ഭർത്താവിന്റെ വീട്ടിൽ പോയി അന്വേഷിച്ചെങ്കിലും അവിടെയും അവളുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭർത്താവിന്റെ വീട്ടുകാർ അവളെ ഉപദ്രവിച്ചിരുന്നു. 50,000 രൂപയും മോട്ടോർബൈക്കുമാണ് അവർ ആവശ്യപ്പെട്ടത്.’
അങ്ങനെ ദിനേശ് റാമിനെതിരെ എഫ്‍ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. എന്നാൽ, പിന്നീട് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് സംഭവത്തിൽ എന്തോ ഒരു ദുരൂഹതയുള്ളതായി അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അവർ ശാന്തിയുടെ ഫോൺ ലൊക്കേഷൻ പിന്തുടർന്നു. സാങ്കേതിക സഹായത്തോടെ അവർ ശാന്തിയെ കണ്ടെത്തി. കൊല്ലപ്പെട്ടുവെന്ന് കരുതിയ ശാന്തി യഥാർത്ഥത്തിൽ പഞ്ചാബിലെ ജലന്ധറിൽ കാമുകനൊപ്പം കഴിയുകയായിരുന്നു. അങ്ങനെ പൊലീസ് സംഘം അവിടെയെത്തുകയും ശാന്തിയെ തിരികെ മോത്തിഹാരിയിൽ എത്തിക്കുകയും ചെയ്തു