തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും കേരളത്തിലാകെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
ആന്‍ഡമാനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്നലെ ഉച്ചയോടെ തീവ്രന്യൂനമര്‍ദമായി മാറി. ഇന്നു രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. വീണ്ടും ശക്തിയാര്‍ജിച്ച് തീവ്ര ചുഴലിക്കാറ്റായി മാറി മറ്റന്നാള്‍ വടക്കന്‍ ഒഡീഷ-പശ്ചിമബംഗാള്‍ തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണു വിലയിരുത്തല്‍. ന്യൂനമര്‍ദഫലമായി അറബിക്കടലിലെ കാലവര്‍ഷക്കാറ്റ് ശക്തി പ്രാപിച്ചതാണ് മഴ സജീവമാക്കിയത്.
ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്രന്യുനമര്‍ദം നാളെ യാസ് ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. പാരാദ്വീപിനും സാഗര്‍ദ്വീപിനും ഇടയില്‍ 185 കിലോമീറ്റര്‍ വേഗത്തില്‍ യാസ് ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവില്‍ ഒഡീഷയിലെ ബാലോസറില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയാണ് ന്യൂനമര്‍ദ്ദം ഉള്ളത്.
ചുഴലിക്കാറ്റിന് മുന്നോടിയായി കടലില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ കരുതല്‍ വേണമെന്ന് പ്രധാനമന്ത്രി ഉന്നത തല യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. മുംബൈ ബാര്‍ജ് ദുരന്തത്തെ തുടര്‍ന്നാണ് നിര്‍ദ്ദേശം. യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഢീഷ, പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താനാണ് പ്രധാനമന്ത്രി ഉന്നത തല യോഗം വിളിച്ചത്. തീരങ്ങളില്‍ ഇതുവരെ സ്വീകരിച്ച നടപടികളും, തുടര്‍പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി.
അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ സമയബന്ധിതമായി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണം. തീരത്തും കടലിലും ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണം.വൈദ്യുതി വിതരണം, വാര്‍ത്താവിനിമയ ശൃംഖല എന്നിവയിലെ തകരാറുകള്‍ വേഗത്തില്‍ പരിഹരിക്കണം. യോഗത്തില്‍ ടെലികോം, ഊര്‍ജ്ജം, റെയില്‍വേ, ഭൗമശാസ്ത്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേന ഡിജിയും പങ്കെടുത്തു. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ നേത്യത്വത്തിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാള്‍ ഉള്‍ക്കടലില്‍ മീന്‍പിടുത്തം നിരോധിച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരും സ്ഥിതി വിലയിരുത്തി.
ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ തിരുവനന്തപുരം അടക്കം തെക്കന്‍ ജില്ലകളില്‍ മഴ തുടരും. കേരളത്തിലേക്കുള്ള കാലവര്‍ഷത്തിന്റെ വരവും കൂടിയാകുന്നതോടെ വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്.
തിരുവനന്തപുരത്ത് ഇടവിട്ട ശക്തമായ മഴ തുടരുകയാണ്. അരുവിക്കര ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നത് ഒന്നര മീറ്റര്‍ ആക്കി വീണ്ടും ഉയര്‍ത്തി. അമ്പൂരിയില്‍ തടത്തരികത്ത് ബേബിയുടെ വീട് മണ്ണിടിഞ്ഞ് തകര്‍ന്നു. ഇവിടെ നിന്ന് ആളുകളെ മാറ്റി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കാലവര്‍ഷം കേരളത്തിലേക്കെത്തുന്നതും, യാസ് ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമര്‍ദവും ചേര്‍ന്ന് മധ്യ കേരളത്തിനും തെക്കന്‍ കേരളത്തിനുമിടയില്‍ മഴ തുടരും.
അതേസമയം ടൗട്ടേ ചുഴലിക്കാറ്റ് സമയത്തേത് പോലെ അതിതീവ്ര മഴാ മുന്നറിയിപ്പ് നിലവില്‍ ഇല്ല. കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിനും വിലക്കില്ല. മുന്‍വര്‍ഷങ്ങളെ കടത്തിവെട്ടിയ വേനല്‍ മഴയാണ് ഇത്തവണ കേരളത്തിലുണ്ടായത്. 128 ശതമാനം മഴ കിട്ടി. കഴിഞ്ഞ വര്‍ഷം ഇത് വെറും 7 ശതമാനം ആയിരുന്നു.