FootballNewsSports

ആതിഥേയരെ തകര്‍ത്തു, സെനഗലിന് വമ്പന്‍ ജയം

അല്‍ തുമാമ:ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിന് വിജയം. ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് സെനഗല്‍ കീഴടക്കിയത്. പൊരുതി വീഴുകയായിരുന്നു ആതിഥേയര്‍. ഫിനിഷിങ്ങിലെ പോരായ്മകള്‍ കൂടി പരിഹരിച്ചിരുന്നെങ്കില്‍ അവര്‍ സെനഗലിനെ ഞെട്ടിച്ചേനേ. തോല്‍വിയിലും തലയുയര്‍ത്തിയാണ് ഖത്തര്‍ മടങ്ങുന്നത്. ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോള്‍ നേടിക്കൊണ്ട് ഖത്തര്‍ ചരിത്രം കുറിച്ചു. മത്സരത്തില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്ത അറേബ്യന്‍ സംഘം സെനഗലിന് വെല്ലുവിളി ഉയര്‍ത്തിയാണ് കീഴടങ്ങിയത്.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് സെനഗലായിരുന്നെങ്കിലും ചില മികച്ച നീക്കങ്ങളിലൂടെ ഖത്തര്‍ ആരാധകരുടെ മനം കവര്‍ന്നു. ഫിനിഷിങ്ങിലെ പിഴവുകളാണ് ഖത്തറിന് തിരിച്ചടിയായത്. മറുവശത്ത് ടൂര്‍ണമെന്റിലെ ആദ്യ വിജയവുമായി സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് സെനഗലാണ് ആക്രമിച്ച് കളിച്ചത്. നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയ സെനഗലിനെ പിടിച്ചുകെട്ടാന്‍ ഖത്തര്‍ പാടുപെട്ടു. 16-ാം മിനിറ്റില്‍ ഡയറ്റയുടെ മികച്ചൊരു ഷോട്ട് ഖത്തര്‍ ഗോള്‍കീപ്പര്‍ ബര്‍ഷാം തട്ടിയകറ്റി. 20-ാം മിനിറ്റില്‍ ഖത്തര്‍ മിഡ്ഫീല്‍ഡര്‍ ഇസ്മായില്‍ മുഹമ്മദിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

24-ാം മിനിറ്റില്‍ സെനഗലിന്റെ ഗ്യുയെയുടെ തകര്‍പ്പന്‍ ലോങ് റേഞ്ചര്‍ ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 28-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ ബര്‍ഷാം തട്ടിയകറ്റിയ പന്ത് സ്വീകരിച്ച സെനഗല്‍ താരം സബാലിയ്ക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.

34-ാം മിനിറ്റില്‍ ഖത്തറിന് സുവര്‍ണാവസരം ലഭിച്ചു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അക്രം അഫീഫിന് പക്ഷേ ഷോട്ടുതിര്‍ക്കാനായില്ല. ബോക്‌സിനകത്ത് കടന്നെങ്കിലും ഷോട്ടെടുക്കും മുന്‍പ് താരത്തെ പ്രതിരോധതാരം സാര്‍ തടഞ്ഞു. ഷോട്ടുതിര്‍ക്കാന്‍ താമസിച്ചതാണ് അഫീഫിന് തിരിച്ചടിയായത്.

41-ാം മിനിറ്റില്‍ ഖത്തറിന്റെ ഖല്‍ബ് തകര്‍ത്തുകൊണ്ട് സെനഗല്‍ മുന്നിലെത്തി. മുന്നേറ്റതാരം ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോള്‍ പിറന്നത്. ബോക്‌സിനകത്തുവെച്ച് പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഖൗക്കി പിഴവുവരുത്തി. ഈ അവസരം മുതലെടുത്ത ഡിയ അനായാസം ലക്ഷ്യം കണ്ട് ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സെനഗല്‍ വീണ്ടും ഖത്തറിനെ ഞെട്ടിച്ചു. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്. ജേക്കബ്‌സിന്റെ പാസ് സ്വീകരിച്ച ഫമാറ തകര്‍പ്പന്‍ ഫിനിഷിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സെനഗലിന് സാധിച്ചു. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഖത്തര്‍ സര്‍വം മറന്ന് ആക്രമിച്ച് കളിച്ചു. 66-ാം മിനിറ്റില്‍ ഖത്തറിന്റെ ഖൗക്കി ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും അസാമാന്യമായ സേവിലൂടെ സൂപ്പര്‍ ഗോള്‍കീപ്പര്‍ മെന്‍ഡി അത് വിഫലമാക്കി.

അതിനുശേഷം ഗോളെന്നുറിച്ച നിരവധി അവസരങ്ങളാണ് ഖത്തര്‍ പാഴാക്കിയത്. ഒടുവില്‍ ആ ആക്രമണങ്ങള്‍ക്ക് ഫലം കണ്ടു. 78-ാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍ടാരി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകുലുക്കി.

പിന്നാലെ വന്നു സെനഗലിന്റെ ചുട്ടമറുപടി. തകര്‍പ്പന്‍ ടീം ഗെയിമിലൂടെ സെനഗല്‍ 84-ാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്. എന്‍ഡിയായെയുടെ മികച്ച പാസ് സ്വീകരിച്ച ബാംബ ഡിയെങ്ങ് മികച്ച ഫിനിഷിലൂടെ വലകുലുക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button