ലോക്ക്ഡൗണ്‍ അവസാനിച്ചെന്ന് തെറ്റിദ്ധാരണ,ട്രെയിന്‍ പിടിയ്ക്കാന്‍ ആയിരങ്ങള്‍ റയില്‍വേസ്റ്റേഷനില്‍,പോലീസ് ലാത്തിച്ചാര്‍ജ് നടത്തി
<p>മുംബൈ:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി
രാജ്യത്തേര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ കഴിഞ്ഞെന്ന് കരുതി മുംബൈയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത് കൊവിഡ് ബാധയില്‍ വലയുന്ന മഹാനഗരത്തിന് വന്‍ പ്രതിസന്ധി സൃഷ്ടിയ്ക്കുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലാളികള്‍ ബാദ്ര വെസ്റ്റ് റെയില്‍വേ സ്റ്റേഷനിലേക്ക് ഒഴുകുകയാണ്. ചൊവ്വാഴ്ച ലോക്ക് ഡൗണ്‍ തീരുമെന്ന വിശ്വാസത്തിലായിരുന്നു ഇവര്‍. </p>
<p>വന്‍ ജനക്കൂട്ടമാണ് ബാദ്ര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി.സ്റ്റേഷനിലെത്തിയവരില്‍ ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്. ഇവര്‍ക്കാര്‍ക്കും ലോക്ക് ഡൗണ്‍ നീട്ടിയതിനെക്കുറിച്ച് അറിവുണ്ടായില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.</p>
<p>നേരത്തെ മാര്‍ച്ച് 25 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഇന്നായിരുന്നു അവസാനിക്കേണ്ടത്. എന്നാല്‍ കൊവിഡ് വ്യാപനം തടയുന്നതിനായി മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടുകയായിരുന്നു. ഇക്കാര്യം അറിയാതെയാണ് ഇവര്‍ സംഘടിച്ച് സ്റ്റേഷനിലേക്കെത്തിയത്.</p>
<p>മെയില്‍, എക്‌സ്പ്രസ്, പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കിയത് മെയ് മൂന്നുവരെ തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. നിലവില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നത് ചരക്കുതീവണ്ടികള്‍ മാത്രമാണ്. റെയില്‍വെ ബുക്കിങ്ങും നിര്‍ത്തിവെച്ചിരിക്കുകയാണ്.</p>