കോഴിക്കോട് വീട്ടമ്മയും അയല്‍ക്കാരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ വീട്ടമ്മയേയും അയല്‍ക്കാരനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ എഫ്.സി.ഐ ഗോഡൗണിന് സമീപമാണ് എലത്തൂര്‍ സ്വദേശികളായ അബ്ദുല്‍ ജബ്ബാര്‍, സജ്‌ന എന്നിവര്‍ തീവണ്ടി തട്ടി മരിച്ചത്. ഓട്ടോ ഡ്രൈവറാണ് മരിച്ച 37 കാരനായ അബ്ദുല്‍ ജബ്ബാര്‍.
ഇദ്ദേഹത്തിന്റെ അയല്‍ക്കാരിയാണ് വീട്ടമ്മയായ സജ്‌ന. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ടുപേരും ഒപ്പിട്ട ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികള്‍ ഇല്ലെന്നും മക്കളെ നോക്കണമെന്നും കുറിപ്പിലുണ്ട്.അബ്ദുല്‍ ജബ്ബാര്‍ ബന്ധുവിന് വാട്‌സ്ആപ്പില്‍ അയച്ച ശബ്ദ സന്ദേശവും പോലീസിന് കിട്ടിയിട്ടുണ്ട്.
അബ്ദുല്‍ ജബ്ബാറിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. 35 കാരിയായ സജ്‌നയ്ക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നു എന്നത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.