തഞ്ചാവൂര്‍: ഹോസ്റ്റല്‍ വാര്‍ഡനെതിരെ (Hostel warden) ആരോപണമുന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു (Plus Two student suicide). സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂരിലെ തിരുക്കാട്ടുപള്ളിയിലാണ് സംഭവം. ജനുവരി ഒമ്പതിനാണ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ജനുവരി 19ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു. തന്റെ മരണത്തിന് കാരണം ഹോസ്റ്റല്‍ വാര്‍ഡനാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
പെണ്‍കുട്ടിയെ വാര്‍ഡന്‍ വീട്ടുജോലിക്ക് നിര്‍ബന്ധിച്ചെന്നും ക്രൂരത സഹിക്ക വയ്യാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ആരോപണവുമായി ബിജെപി രംഗത്തെത്തി. മതം മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തഞ്ചാവൂര്‍ എസ്പി ജി രവാലി പ്രിയ പറഞ്ഞു. അറസ്റ്റിലായ വാര്‍ഡനെ കോടതി റിമാന്‍ഡ് ചെയ്തു. മതംമാറ്റ ആരോപണം അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കളും പൊലീസിനോട് ആവശ്യപ്പെട്ടു.