32.3 C
Kottayam
Monday, May 6, 2024

വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിച്ച സംഭവം:ഫോണിൽ മറ്റൊരു പെൺകുട്ടിയുടെ വീഡിയോ കൂടിയെന്ന് വെളിപ്പെടുത്തൽ; മൂന്ന് പ്രതികളും റിമാൻഡിൽ

Must read

ന്യൂഡല്‍ഹി: ചണ്ഡീഗഢ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യം പ്രചരിച്ചെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി അടക്കമുള്ള മൂന്ന് പ്രതികളെയും ഏഴുദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.

അതേസമയം, പിടിച്ചെടുത്ത ഫോണില്‍നിന്ന് മറ്റൊരു പെണ്‍കുട്ടിയുടെ വീഡിയോ കൂടി കണ്ടെടുത്തതായി പ്രതിഭാഗം അഭിഭാഷകനായ സന്ദീപ് ശര്‍മ വെളിപ്പെടുത്തി. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രണ്ട് വീഡിയോകളാണ് കണ്ടെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു. ഇതില്‍ ഒരു വീഡിയോ പ്രതിയായ വിദ്യാര്‍ഥിനിയുടേത് തന്നെയാണ്. രണ്ടാമത്തെ വീഡിയോ മറ്റൊരു പെണ്‍കുട്ടിയുടേതാണെന്നും പ്രതിയായ വിദ്യാര്‍ഥിനിയെ ഒരു യുവാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതിനിടെ, ചണ്ഡീഗഢ് സര്‍വകലാശാലയിലെ കേസ് അന്വേഷിക്കാനായി പ്രത്യേക പോലീസ് സംഘത്തെ രൂപവത്കരിച്ചു. മൂന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥ ഗുര്‍പ്രീത് കൗണ്‍ ഡിയോയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേകസംഘം അന്വേഷണം നടത്തുകയെന്നും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും പഞ്ചാബ് ഡി.ജി.പി. ഗൗരവ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ചണ്ഡീഗഢ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍നിന്നുള്ള കുളിമുറി ദൃശ്യങ്ങള്‍ പുറത്തായെന്നും ഇത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ പരാതി. ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ഥിനി തന്നെയാണ് അറുപതോളം പെണ്‍കുട്ടികളുടെ വീഡിയോ പകര്‍ത്തിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന പെണ്‍കുട്ടിയെയും ഇവരുടെ ആണ്‍സുഹൃത്തിനെയും മറ്റൊരു യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, പെണ്‍കുട്ടിയുടെ ഫോണില്‍നിന്ന് മറ്റുപെണ്‍കുട്ടികളുടെ വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പോലീസ് ഇതുവരെ പ്രതികരിച്ചിരുന്നത്. പെണ്‍കുട്ടി സ്വയം ചിത്രീകരിച്ച വീഡിയോകള്‍ മാത്രമാണ് ആണ്‍സുഹൃത്തിന് പങ്കുവെച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week