ടെല്‍ അവിവ്: രോഗികളും അഭയാര്‍ഥികളുമായ ആയിരങ്ങള്‍ തമ്പടിച്ച അല്‍ശിഫ ആശുപത്രി പൂര്‍ണമായും വളഞ്ഞ സൈന്യം ആക്രമണം രൂക്ഷമാക്കിയതോടെ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടു.
ഇസ്രായേല്‍ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രി വളപ്പില്‍ തന്നെ ഇന്നലെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കിയതിനു തൊട്ടുപിന്നാലെയാണ് എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ആക്രമണം.
ബന്ദികളുടെ മോചന ചര്‍ച്ചയെ കുറിച്ച് തല്‍ക്കാലം ഒന്നും പറയാനാകില്ലെന്ന് അമേരിക്കയും ഇസ്രായേലും പ്രതികരിച്ചു. ഇസ്രായേല്‍ കപ്പലുകള്‍ക്കു നേരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് യെമനിലെ ഹൂത്തി വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ലബനനു നേര്‍ക്ക് ശക്തമായ വ്യോമാക്രമണവുമായി ഇസ്രായേല്‍.
ഇന്ന് വെളുപ്പിന് സൈന്യം പൂര്‍ണമായും അല്‍ ശിഫ ആശുപത്രി വളഞ്ഞ് നാലു ഭാഗങ്ങളില്‍ നിന്ന് ഷെല്ലാക്രമണവും വെടിവെപ്പും തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്ഷപ്പെടാൻ സാധിക്കാത്തവിധം എല്ലാവരും മരണം കാത്തിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.ഇന്ധനം തീര്‍ന്ന് ഇരുട്ടിലായ ആശുപത്രിയില്‍ ഇൻകുബേറ്ററില്‍ കഴിഞ്ഞിരുന്ന ഏഴ് കുഞ്ഞുങ്ങളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങള്‍ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പില്‍ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വളപ്പില്‍ തന്നെ കൂട്ട ഖബറിടമൊരുക്കിയതെന്ന്‌അല്‍ ശിഫ ഡയറക്ടര്‍ മുഹമ്മദ് അബൂ സാല്‍മിയ വ്യക്തമാക്കി.