കാസര്‍കോട്: യുവാവുമായി സൗഹൃദത്തിലായി പണവും സ്വര്‍ണവും തട്ടിയെടുത്തെന്ന കേസില്‍ പ്രതിയായ യുവതിയെ പോലീസ് പിടികൂടിയത് കര്‍ണാടകയില്‍നിന്ന്. കാസര്‍കോട് ചെമ്മനാട് കൊമ്പനടുക്കം സ്വദേശിനി ശ്രുതി ചന്ദ്രശേഖരനെ(35)യാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെ കാസര്‍കോട് മേല്‍പ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ശ്രുതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു.
ഐ.എസ്.ആര്‍.ഒ.യില്‍ ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശ്രുതി പൊയിനാച്ചി സ്വദേശിയായ യുവാവിനെ പരിചയപ്പെട്ടത്. ചെമ്മനാട് സ്വദേശിനിയായ ശ്രുതി പൊയിനാച്ചിയിലെ ജിംനേഷ്യത്തില്‍ വന്നിരുന്നു. ഇവിടെവെച്ചാണ് യുവാവിനെ ആദ്യം പരിചയപ്പെട്ടത്. പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ചോദിച്ച് മനസിലാക്കി യുവാവുമായി സൗഹൃദത്തിലായി. തുടര്‍ന്നാണ് ഒരുലക്ഷം രൂപയും ഒരുപവന്റെ മാലയും യുവാവില്‍നിന്ന് കൈക്കലാക്കിയത്.
പണത്തിന് അത്യാവശ്യമുണ്ടെന്നും പെട്ടെന്ന് ചില സാമ്പത്തികപ്രശ്‌നങ്ങളുണ്ടായെന്നും പറഞ്ഞാണ് ശ്രുതി പണം ചോദിച്ചിരുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മടക്കിനല്‍കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍, യുവാവ് പണം ചോദിച്ചതോടെ പലകാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിനൊപ്പം പരാതിക്കാരനെ ഭീഷണിപ്പെടുത്താനും തുടങ്ങി. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം ഉപയോഗിച്ച് ഈ പോലീസ് ഉദ്യോഗസ്ഥന്റെ തന്റെ സുഹൃത്താണെന്നും പോലീസ് കേസെടുത്ത് അകത്താക്കുമെന്നും യുവതി യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് യുവാവ് പോലീസിനെ സമീപിച്ചത്.
പൊയിനാച്ചിയിലെ യുവാവിനെ മാത്രമല്ല, മറ്റുപലരെയും യുവതി സമാനരീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴിയും യുവാക്കളെ വലയിലാക്കിയിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ വരെ തട്ടിപ്പില്‍ കുരുങ്ങിയതായും സൂചനകളുണ്ട്. എന്നാല്‍, ഇവരാരും നാണക്കേട് ഭയന്ന് യുവതിക്കെതിരേ പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം.
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ് ശ്രുതി. ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥ, ഇന്‍കംടാക്‌സ് ഓഫീസര്‍ എന്നിങ്ങനെ ഉയര്‍ന്ന ഉദ്യോഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവര്‍ പലരെയും പരിചയപ്പെട്ടിരുന്നത്. തുടര്‍ന്ന് ഹണിട്രാപ്പ് മോഡലില്‍ ഇവരെ തട്ടിപ്പില്‍ കുരുക്കുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. ഒരിക്കല്‍ യുവതിക്കെതിരേ പരാതിയുമായി മുന്നോട്ടുപോയ യുവാവിനെ പീഡനക്കേസില്‍ കുടുക്കിയിരുന്നതായും ആരോപണമുണ്ട്.