കൊച്ചി:മലയാളികളുടെ പ്രിയ താരമായ ഹണി റോസ് കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമാണ് ‘റേച്ചല്‍’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വരുന്ന ജനുവരി 10ന് സിനിമ തീയറ്ററുകളില്‍ എത്തും.
അഞ്ച് ഭാഷകളിലായി ആയിരിക്കും ചിത്രം പുറത്തിറങ്ങുക. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.
പോത്ത് ചന്തയില്‍ നില്‍ക്കുന്ന ഹണി റോസിനെയാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ കാണാനാവുന്നത്. സിനിമയുടെ ആദ്യ പോസ്റ്ററുകളും ടീസറും സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ ഒരു റിവഞ്ച് ത്രില്ലറായാണ് റേച്ചല്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു.