BusinessNationalNews

ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ,വിപണി പിടിയ്ക്കാൻ പുതിയ കാറുമായി ഹോണ്ടാ സിറ്റി

മുംബൈ:ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് സിറ്റി. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ എന്ന വിശേഷണം സ്വന്തമാക്കാന്‍ സിറ്റി ഹൈബ്രിഡ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ കമ്പനി സിറ്റി ഹൈബ്രിഡ് വിൽപ്പന ആരംഭിക്കും എന്ന് ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡൻറ് രാജേഷ് ഗോയൽ പറഞ്ഞതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മോഡൽ രാജ്യത്ത് അവതരിപ്പിക്കാനുള്ള പദ്ധതി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും 2022 ആദ്യത്തിൽ സിറ്റി ഹൈബ്രിഡ് നിരത്തിലെത്തും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഹൈബ്രിഡ് എഞ്ചിനുള്ള ഉള്ള പുതിയ ഹോണ്ട സിറ്റി മികച്ച ഇന്ധനക്ഷമത കൈവരിക്കുന്ന കാറാണ്. പുതിയ കാറിന് 27 കിലോമീറ്ററില്‍ കൂടുതല്‍ ഇന്ധനക്ഷമത നല്‍കാനാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട സിറ്റി ഹൈബ്രിഡ് ഇതുവരെ ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. മറ്റ് വിപണികളിൽ ലഭിച്ച ഇന്ധനക്ഷമത കണക്കുകൾ നോക്കിയാൽ അത് വിപ്ലകരമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിറ്റി ഹൈബ്രിഡ് മലേഷ്യയിലെ പരീക്ഷണ സാഹചര്യങ്ങളിൽ 27.7കിമീ മൈലേജ് ആണ് നൽകിയത്. 27.8 കിമീ ആണ് തായ്‌ലൻഡിൽ. ഇന്ത്യയ്ക്ക് സമാനമാണ് ഈ രാജ്യങ്ങളിലെ പരീക്ഷണങ്ങളും.

98 ബിഎച്ച്പി കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എഞ്ചിന്‍, ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേഷന്‍ (ഐഎസ്ജി), 109 ബിഎച്ച്പി വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ഇലക്ട്രിക് മോട്ടോര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഹൈബ്രിഡ് യൂണിറ്റ്. ഈ സംവിധാനം ആഗോള വിപണിയിലെ പുതുതലമുറ ജാസിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹൈബ്രിഡ് മോഡലിന് സാധാരണ സിറ്റിയേക്കാൾ 110 കിലോഗ്രാം ഭാരം കൂടുതലുണ്ട്. ബൂട്ടിലെ വലിയ ബാറ്ററിയാണ് കാരണം. വാഹനത്തിൽ സ്പെയർ ടയർ ഇല്ല.പകരം റിപ്പയർ കിറ്റാണ് നൽകിയിരിക്കുന്നത്. ബൂട്ട് കപ്പാസിറ്റി 506 ലിറ്ററിൽ നിന്ന് 410 ആയി കുറഞ്ഞു. സിറ്റി ഹൈബ്രിഡിന് 160 ശതമാനം കൂടുതൽ ടോർക്കും ഉള്ളതിനാൽ, ഹോണ്ടയ്ക്ക് പിൻ ഡിസ്ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. ഹൈബ്രിഡിൽ നിങ്ങൾക്ക് ഒരു ഇലക്ട്രിക് പാർക്കിങ് ബ്രേക്ക് ലഭിക്കും.തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ വിപണികളിലെ ഹോണ്ട സിറ്റി ഹൈബ്രിഡ് സ്പോർട്ടി ആർ‌എസ് ട്രിമിലും വിൽക്കുന്നുണ്ട്. വിലകൂടുതലായതിനാൽ ആർ.എസ് ട്രിം ഇന്ത്യയിലെത്താൻ സാധ്യതയില്ല.

ഹോണ്ട സിറ്റി ഹൈബ്രിഡിന് വില കൂടുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാർ ഇന്ത്യയിൽ അസംബിൾ ചെയ്യപ്പെടുമ്പോൾ, ഹൈബ്രിഡ് സിസ്റ്റം നിർമ്മിക്കുന്ന പല ഘടകങ്ങളും ഇറക്കുമതി ചെയ്യപ്പെടും. ഡ്യൂട്ടിയും അതിനനുസരിച്ച് നികുതികളും ഉയരും. പെട്രോൾ ഹോണ്ട സിറ്റി 15 ലക്ഷം രൂപയ്ക്കാണ് വിൽക്കുന്നത്. ഹൈബ്രിഡിന് 17.5 മുതൽ 19 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

ഇലക്ട്രിക് ഡ്രൈവ്, ഹൈബ്രിഡ് ഡ്രൈവ്, എഞ്ചിന്‍ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും പുതിയ ഹോണ്ട സിറ്റിയിലുണ്ടാകും. ആഗോള വിപണിയിലുള്ള മോഡലില്‍ 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്റ്റിയറിംഗ് വീല്‍ പാഡില്‍സ്, ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവ ലഭിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലെയ്ന്‍ സെന്ററിംഗ് അസിസ്റ്റ് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍.

1998 ജനുവരിയിലാണ് ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎല്‍) ആഭ്യന്തര വിപണിയില്‍ സിറ്റിയുടെ വില്‍പ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. സിറ്റിയുടെ അഞ്ചാം തലമുറയെ 2020 ജൂലൈയിലാണ് ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.

മൂന്ന് വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. ഈ അഞ്ചാം തലമുറ മോഡലിനൊപ്പം നാലാം തലമുറയിലെ സിറ്റിയേയും ഹോണ്ട വിപണിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker