പ്രളയം ഹിമാചലില്‍ അകപ്പെട്ട മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി
മണാലി: പ്രളയത്തില്‍ കുടുങ്ങിയ മലയാളി സംഘത്തെ സാഹസികമായി രക്ഷപ്പെടുത്തി. ഹിമാചല്‍ പ്രദേശിലെ സിസുവില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘത്തെയാണ് മണാലിയില്‍ എത്തിച്ചത്. താത്കാലിക റോഡ് നിര്‍മിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് ഇവരെ രക്ഷപ്പെടുത്തിയത്.
അരക്കിലോമീറ്ററോളെ ദൂരത്തില്‍ റോഡ് ഒലിച്ചു പോയതിനെ തുടര്‍ന്നാണ് ബൈക്ക് യാത്രാ സംഘം സിസുവില്‍ കുടുങ്ങിയത്. നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. രണ്ട് ദിവസമായി ഭക്ഷണം പോലും ലഭ്യമല്ലാത്ത അവസ്ഥയിലായിരുന്നു ഇവര്‍.
ഒരാഴ്ചയായി തുടരുന്ന കനത്ത മഴ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനജീവിതം ദുസഹമാക്കിയിരിയ്ക്കുകയാണ്. മണ്ണിടിച്ചില്‍ മൂലം ദേശിയപാതയിലെ അടക്കം ഗതാഗതം തടസപ്പെട്ടു. തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍. പശ്ചിമബംഗാള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും മഴക്കെടുതി തുടരുകയാണ്.