ഷിംല : ഹിമാചൽ പ്രദേശിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് – ബിജെപി പോരാട്ടം ഇഞ്ചോടിഞ്ച് മുന്നേറുകയാണ്. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ് ലീഡ് നിലയിൽ മുന്നേറുന്നത്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ മണ്ടി, ഉന, കുളു, കാംഗ്ര, ബിലാസ്പൂർ ജില്ലകളിലെ ഫലങ്ങൾ സംസ്ഥാനം ആർക്കൊപ്പമെന്ന് പ്രവചിക്കാനാകുന്നില്ല.
എക്സിറ്റ് പോൾ ഫലങ്ങൾ ഇരുമുന്നണികൾക്കും മുൻതൂക്കം പ്രവചിക്കുന്നുണ്ടെന്നിരിക്കെ ആകാംഷ കൂട്ടി ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങിയിരിക്കുകയാണ്. ഇരു മുന്നണികളും തമ്മിൽ വലിയ സീറ്റ് വ്യത്യാസമില്ലാതിരുന്നാൾ ചെറുപാർട്ടികളുടെ പിന്തുണ നേടി ബിജെപി അധികാരം പിടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇതുവരെയുള്ള ഫല സൂചനയിൽ മുഖ്യമന്ത്രി ജയറാം താക്കൂർ സെരാജ് മണ്ഡലത്തിൽ മുന്നിൽ ആണ്. എക്സിറ്റ് പോൾ ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം മുഖ്യമന്ത്രി ജയറാം താക്കൂർ അർത്ഥശങ്കയില്ലാതെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഗുജറാത്തിൽ നിന്ന് വ്യത്യസ്തമായി ഫലം എന്താകുമെന്ന് ഉറപ്പിക്കാനാകാത്ത നിലയിലാണ് ഹിമാചലിലെ ട്രെന്റ്.