ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍ അറിയിച്ചു. അതിനിടെ ഹൈക്കോടതി വിധിയെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പഠിക്കുക എന്നതാണ് വിദ്യാര്‍ഥികളെ സംബന്ധിച്ച് അടിസ്ഥാന കാര്യം. മറ്റുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിച്ച് മുന്നേറാന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭ്യര്‍ഥിച്ചു. ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ വ്യാഖാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതാണ് കോടതി വിധിയെന്ന് കര്‍ണാടക അറ്റോര്‍ണി ജനറല്‍ പ്രബുലിംഗ് നവദ്കി പറഞ്ഞു. വ്യക്തി താത്പര്യത്തിന് അപ്പുറം സ്ഥാപനത്തിന്റെ അച്ചടക്കത്തിന് പ്രാധാന്യം നല്‍കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്. ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടകയിലെ വിദ്യാര്‍ഥിനികളാണ് ഹര്‍ജി നല്‍കിയത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി, ഇതിന് ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു.
സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികവകാശ ലംഘനമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ട് ഫെബ്രുവരി അഞ്ചിന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് കോടതി ശരിവെച്ചത്.11ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്. തുടര്‍ന്ന് ഫെബ്രുവരി 25ന് വിധി പറയാന്‍ മാര്‍ച്ച് 15ലേക്ക് കേസ് മാറ്റുകയായിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളില്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങള്‍ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.
ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയത്. കേസില്‍ വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. എന്നാല്‍ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട് .ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന വാദവും സര്‍ക്കാര്‍ ഉന്നയിച്ചു.
ഹിജാബ് ഹര്‍ജിയില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണര്‍ കമാല്‍ പന്ത് അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങള്‍, പ്രതിഷേധങ്ങള്‍, ഒത്തുചേരലുകള്‍ എന്നിവയക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി.ബംഗളുരുവിലടക്കം പല മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചു. കല്‍ബുര്‍ഗിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെയും ശനിയാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.