News

വിഴിഞ്ഞം തുറമുഖത്തേക്കുള്ള തടസ്സങ്ങൾ നീക്കണമെന്ന് ഹൈക്കോടതി; ഇടക്കാല ഉത്തരവ് കോടതിയലക്ഷ്യ ഹർജിയിൽ

കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ ഉണ്ടാക്കിയ തടസ്സം ഒഴിവാക്കാൻ നടപടി എടുക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർ‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയില്ലെന്ന് ഹർ‍ജി പരിഗണിക്കവേ, അദാനി ഗ്രൂപ്പ് അറിയിച്ചു.

സമരപ്പന്തൽ പൊളിക്കാതെ മുന്നോട്ടു പോകാൻ  ആകില്ല എന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഇത് പരിഗണിച്ചാണ് വാഹനങ്ങൾ പോകുന്നതിന് തടസ്സം ഉണ്ടാക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കിയത്. തടസ്സം ഒഴിവാക്കാൻ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി നിർദേശിച്ചു. നിർമാണത്തിനായി പോകുന്ന വാഹനങ്ങൾ ഒന്നും തടഞ്ഞിട്ടില്ലെന്നും ആ സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹർജി നിലനിൽക്കില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജികൾ കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.

പൊലീസ് സുരക്ഷയില്ലാത്തതിനാൽ തുറമുഖ നിർമാണം നിലച്ചെന്നാരോപിച്ചാണ് കോടതിയലക്ഷ്യ ഹർജിയുമായി അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ എത്തിയത്. ഹ‍ർജിയിൽ കോടതി നേരത്തെ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു.

പദ്ധതി തടസ്സപ്പെടുത്താൻ പ്രതിഷേധക്കാർക്ക് അവകാശമില്ലെന്നും തുറമുഖ നിർമാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാൻ സർക്കാറിന് കഴിയില്ലെങ്കിൽ കേന്ദ്ര സേനയെ വിളിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്ന് അദാനി ഗ്രൂപ്പ്  ഹൈക്കോടതിയെ അറയിച്ചിരുന്നു.

സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നെന്ന് ഹർജിക്കാർ വാദിച്ചിരുന്നു. സമരത്തിന്‍റെ പേരിൽ നിർമാണം നിർത്തിവയ്ക്കാനാകില്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു.

തുടർന്നാണ്  തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്ന് കോടതി വ്യക്തമാക്കിയത്. പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്തരുത്. പ്രോജക്ട് സൈറ്റിൽ വരുന്ന ഉദ്യോഗസ്ഥരെ, തൊഴിലാളികളെ തടയുവാൻ പ്രതിഷേധക്കാർക്ക് അവകാശം ഇല്ല… ഇവയായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button