കൊച്ചി : മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നും റിലീസ് തടയണമെന്നും ആവശ്യപ്പെട്ടാണ് തൃശൂർ സ്വദേശിയും തിരക്കഥാകൃത്തുമായ ദീപു കെ ഉണ്ണി ഹെെക്കോടതിയെ സമീപിച്ചത്.
പരാതിക്കാരന്റെ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹർജി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കും.
മൂന്ന് വർഷം മുമ്പ് കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ച് ജീത്തു ജോസഫുമായും ശാന്തി മായാദേവിയുമായും താൻ ഈ കഥ സംബന്ധിച്ച് ചർച്ച നടത്തിയിരുന്നുവെന്നും അന്ന് തിരക്കഥയുടെ പകർപ്പ് ഇരുവരും വാങ്ങിയെന്നും ദീപുവിന്റെ ഹർജിയിൽ പറയുന്നു. മോഹൻലാലിന്റെ ഡേറ്റ് ലഭിച്ചു കഴിഞ്ഞാൽ തന്നെ അറിയിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും ഹർജിയിൽ പറയുന്നു. നേര് സിനിമയുടെ ട്രെയിലർ കണ്ടപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടതെന്നും ഹർജിയിൽ പറയുന്നു.
ട്വൽത്ത് മാൻ എന്ന ത്രില്ലർ ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് നേര്. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്.
ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്. മോഹൻലാൽ വക്കീൽ വേഷത്തിലെത്തുന്ന ചിത്രം ഒരു കോർട്ട് റൂം ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. പ്രിയാമണി, ശാന്തി മായാദേവി, അനശ്വര രാജൻ, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.