കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കേസ് സി.ബി.ഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്ന നിലപാടില്‍ ഹൈക്കോടതിയെ സമീപിച്ച സര്‍ക്കാരിന് വിധി കനത്ത തിരിച്ചടിയായി.
വാദം പൂര്‍ത്തിയായി ഒമ്പത് മാസത്തിന് ശേഷമാണ് അന്വേഷണകാര്യത്തില്‍ വിധി വരുന്നത്. ഹൈക്കോടതി വിധി പറയാന്‍ വൈകുന്ന സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് പെരിയ ഇരട്ടക്കൊല കേസ് സിബിഐയ്ക്ക് വിട്ടത്. സിബിഐ അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയി. നവംബര്‍ 16ന് വാദം കഴിഞ്ഞെങ്കിലും വിധി വന്നില്ല. സര്‍ക്കാര്‍ അപ്പീലില്‍ ഹൈക്കോടതി വിധി പറയാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കള്‍ തുടര്‍ച്ചയായി നടത്തിയ നിയമപോരാട്ടത്തിന് ശേഷമാണ് വിധി.